അനുകൂല കാമ്പയിൻ സംഘടിപ്പിക്കാൻ നിർദ്ദേശം
കൊല്ലം: നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ ആശ്രാമത്തെ അഷ്ട ശില്പങ്ങൾ പൂർത്തിയാക്കാൻ സി.പി.എമ്മിന്റെ പിന്തുണ. എം. മുകേഷ് എം.എൽ.എ കൊല്ലം നിയമസഭാ മണ്ഡലം പരിധിയിലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ശില്പ നിർമ്മാണത്തിന് അനുമതി വാങ്ങാൻ പാർട്ടി മുകേഷ് എം.എൽ.എക്ക് നിർദ്ദേശവും നൽകി.
ആശ്രാമം മൈതാനം ജൈവ വൈവിദ്ധ്യ മേഖലയുടെ പരിധിയിൽ വരാത്തതിനാൽ പ്രതിഷേധങ്ങളിൽ കഴമ്പില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. ഇപ്പോഴത്തെ എതിർപ്പുകൾക്ക് വഴങ്ങിയാൽ വൈകാതെ ആശ്രാമത്ത് നിർമ്മാണം നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന് എതിരെയാകും അടുത്ത നീക്കമെന്നും യോഗം വിലയിരുത്തി. നഗരസഭയിൽ നിന്ന് അനുമതി വാങ്ങാതെ ശില്പ നിർമ്മാണം ആരംഭിച്ചത് ഡി.ടി.പി.സിയുടെ വീഴ്ചയാണെന്ന വിമർശനവും ഉയർന്നു. നിർമ്മാണത്തിന് അനുകൂലമായി കാമ്പയിൻ ആരംഭിക്കാൻ ബഹുജന സംഘടനകൾക്ക് നിർദ്ദേശം നൽകാനും ധാരണയായി.