കൊല്ലം: ഹരിതകേരളം മിഷന്റെ ശുചിത്വ പദവി കൈവരിച്ച് മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. എം. നൗഷാദ് എം.എൽ.എ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. ഹരിതകേരളം മിഷന്റെ പരിശോധനയിൽ ബ്ലോക്കിലെ നെടുമ്പന, തൃക്കോവിൽവട്ടം, ഇളമ്പള്ളൂർ, മയ്യനാട്, കൊറ്റങ്കര ഗ്രാമ പഞ്ചായത്തുകൾ ഖര-മാലിന്യ സംസ്കരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെ 60 ശതമാനം മാർക്ക് നേടിയിരുന്നു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മുഖത്തല പ്രസിഡന്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോർജ് മാത്യു, ശോഭന സുനിൽ, ബി.ഡി.ഒ ജോർജ് അലോഷ്യസ്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ കാവ്യ എന്നിവർ പങ്കെടുത്തു.