നഗരത്തിൽ ഇന്നലെ 180 പേർക്ക് കൊവിഡ്
ജില്ലയുടെ 23 ശതമാനം നഗരത്തിൽ
കൊല്ലം: നഗരത്തിൽ കൊവിഡ് ചികിത്സയിലുള്ളവർ ആയിരവും ഇതുവരെ രോഗം ബാധിച്ചവർ രണ്ടായിരവും കടന്നു. ജില്ലയിൽ ചികിത്സയിലുള്ളവരുടെ 23 ശതമാനത്തോളം നഗരവാസികളാണ്. ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിക്കുന്നതും നഗരപരിധിയിലാണ്. ഇന്നലെ കോർപ്പറേഷൻ പരിധിയിൽ 180 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ 1009 പേരാണ് നഗരത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒട്ടുമിക്ക പ്രദേശങ്ങളും കൊവിഡിന്റെ പിടിയിലാണ്. നാല് ഡിവിഷനുകൾ പൂർണമായും 16 എണ്ണം ഭാഗികമായും കണ്ടെയ്ൻമെന്റ് സോണുകളാണ്. ആദ്യഘട്ടത്തിലേത് പോലും കൊവിഡ് സ്ഥിരീക്കുന്ന ഡിവിഷനോ വാർഡോ പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കുന്ന രീതി നിലനിന്നിരുന്നെങ്കിൽ നഗരത്തിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും സ്തംഭനാവസ്ഥയിൽ ആയേനെ.
വ്യാപനം വർദ്ധിച്ചത് ഒരു മാസത്തിനിടെ
കഴിഞ്ഞ ഒരുമാസത്തിനിടയിലാണ് നഗരത്തിൽ കൊവിഡ് വ്യാപനം വൻതോതിൽ വർദ്ധിച്ചത്. അതിന് മുൻപ് ജില്ലയുടെ മറ്റ് പല ഭാഗങ്ങളിലും കൊവിഡ് ആളിപ്പടരുമ്പോഴും നഗരം ഒഴിഞ്ഞിനിൽക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ പലർക്കും കൊവിഡ് ബാധിച്ചതും സഹപ്രവർത്തകർ നിരീക്ഷണത്തിൽ പ്രവേശിച്ചതും നഗരത്തിലെ പല സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.
ഇന്നലെ കൂടുതൽ ഇവിടങ്ങളിൽ
കാവനാട്, അഞ്ചാലുംമൂട് സി.കെ.പി ജംഗ്ഷൻ, ഉളിയക്കോവിൽ വൃന്ദാവൻ നഗർ, ചാത്തിനാംകുളം, തങ്കശേരി, തൃക്കടവൂർ കുരീപ്പുഴ, തേവള്ളി, പള്ളിത്തോട്ടം, പുന്തലത്താഴം, പോളയത്തോട്, മങ്ങാട്, മരുത്തടി, മുണ്ടയ്ക്കൽ, വടക്കുംഭാഗം, വാടി, ശക്തികുളങ്ങര
കൊവിഡ് കണക്ക്
നിലവിൽ ചികിത്സയിൽ: 1009
ആകെ രോഗം ബാധിച്ചത്: 2001
മരണം: 11
(ഇന്നലെ ഉച്ച വരെയുള്ള കണക്ക്)