roadside
റോഡരികിലെ കാടുകളും വിഷപ്പാമ്പുകളുടെ ശല്യവും യാത്രക്കാർക്ക് ഭീഷണിയാകുന്നു.

പടിഞ്ഞാറേകല്ലട: പഞ്ചായത്തിലെ ഐത്തോട്ടുവ വാർഡിൽ വളഞ്ഞ വരമ്പിൽ പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാമ്പിന്റെ ശല്യമാണ് ഏറ്റവും പ്രധാന പ്രശ്നം. പലതവണ നാട്ടുകാർ ഇവിടെ പാമ്പിനെ കണ്ടിട്ടുമുണ്ട്. മിക്കപ്പോഴും വാഹനങ്ങൾ കയറിയിറങ്ങി പാമ്പുകൾ ചത്തുകിടക്കുന്നത് കാണാം. കൂടാതെ കെ.എസ്.ഇ.ബിയുടെ ഒരു ട്രാൻസ്ഫോർമർ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മഴക്കാലമായതിനാൽ മിക്കപ്പോഴും രാത്രിയിൽ കറണ്ട് കാണില്ല. ഈ സമയം കൂരിരുട്ടിൽ വൈദ്യുതി ബോർഡ് ജീവനക്കാർ ഈ കാട്ടിലൂടെ നടന്നു വേണം ഫ്യൂസ് കെട്ടാനും മറ്റ്‌ അറ്റകുറ്റപ്പണികൾക്കും വരാൻ. നാട്ടുകാരുടെ ജീവനു തന്നെ ഭീഷണിയായ ഈ കാടുകൾ വെട്ടി വൃത്തിയാക്കാൻ വേണ്ട നടപടി അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.