പരബ്രഹ്മ സന്നിധിയിൽ ഭക്തജനത്തിരക്ക്
തഴവ: ഓച്ചിറ പടനിലത്ത് പതിനായിരങ്ങളെ സാക്ഷിയാക്കി അരങ്ങേറിയിരുന്ന പകൽ പൂരം കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ ഒതുങ്ങി. ഇരുപത്തിയെട്ടാം ഓണാഘോഷ ചടങ്ങുകളാണ് ഇന്നലെ ആചാരങ്ങളിൽ ഒതുക്കിയത്.
ഓണാട്ടുകരയിലെ നൂറ്റിയൻപതിൽ പരം സ്ഥിരം കാളകെട്ട് സമിതികൾ ദിവസങ്ങളോളം കഷ്ടപ്പെട്ടാണ്
കെട്ടുരുപ്പടികളുടെ ചട്ടം കൂട്ടുന്നത് മുതൽ ശിരസ് ഘടിപ്പിക്കുന്നതുവരെയുള്ള ജോലികൾ ചെയ്യുന്നത്. ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ഇവ നടത്തിയിരുന്നത്. ഇതോടനുബന്ധിച്ച് അന്നദാനം, കലാപരിപാടികൾ എന്നിവയും നടത്തിയിരുന്നു.
ഇരുപത്തിയെട്ടാം ഓണ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് കെട്ടുകാളകളെ ഓച്ചിറയിലേക്ക് ആനയിക്കുന്നത്. വാദ്യമേളങ്ങൾ, വിവിധ കാലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ യാത്ര തുടങ്ങുന്ന കെട്ടുകാളകൾ ഓണാട്ടുകരയിലെ വഴികളും ഇടവഴികളും ഉത്സവ മുഖരിതമാക്കും.
ഇന്നലെ രാവിലെ 8ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻ പിള്ള എന്നിവർ ചേർന്ന് പതാക ഉയർത്തി. വൈകിട്ട് 5.30 ഓടെ ക്ഷേത്ര ഭരണസമിതി ഒരുക്കിയ ഒരു ജോഡി കെട്ടു കാളയെ പടനിലത്തേക്കാനയിച്ചതോടെ ചടങ്ങുകൾ അവസാനിച്ചു. ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ച് ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളുടെ തിരക്കും അനുഭവപ്പെട്ടു.