chavara

കൊല്ലം: എല്ലാ തിരഞ്ഞെടുപ്പും രാഷ്ട്രീയ മുന്നണികൾക്ക് അഭിമാന പോരാട്ടമാണെങ്കിലും ചവറയിൽ ഇക്കുറി അങ്കക്കലി ഇത്തിരി കൂടും. ആർ.എസ്.പിയുടെ കുത്തകയെന്ന് അവകാശപ്പെടുന്ന ചവറയിൽ സി.പി.എം അവരോട് നേരിട്ട് മത്സരിക്കാൻ ഇറങ്ങുകയാണ്.

സി.പി.എമ്മിന്റെയും ആർ.എസ്.പിയുടെയും സ്ഥാനാർത്ഥികൾ മുഖാമുഖം ഏറ്റുമുട്ടുന്ന പ്രത്യേകത ചവറയ്‌ക്ക് ഇതാദ്യമാണ്. കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ചവറ കൂടി ഉൾപ്പെടുന്ന കൊല്ലം മണ്ഡലത്തിൽ ആർ.എസ്.പിയുടെ പ്രേമചന്ദ്രൻ സി.പിഎമ്മിന്റെ സമുന്നത നേതാക്കളായ എം.എ.ബേബി, കെ.എൻ.ബാലഗോപാൽ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. രണ്ട് തവണയും ചവറ ആ‌ർ.എസ്.പിക്ക് നൽകിയ പിന്തുണയാണ് പ്രേമചന്ദ്രന്റെ ഭൂരിപക്ഷം കുത്തനെ ഉയർത്തിയത്.

എന്നാൽ മത്സരം ചവറയിലേക്ക് മാത്രം ചുരുങ്ങുമ്പോൾ ആർ.എസ്.പിയെ പിടിച്ച് കെട്ടുമെന്ന് പല കുറി സി.പി.എം പറഞ്ഞ് കഴിഞ്ഞു. മുന്നണി മാറിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ചവറയെ കൈപ്പിടിയിലൊതുക്കി പ്രേമചന്ദ്രൻ കൊല്ലത്ത് ജയിച്ചെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയൻപിള്ളയിലൂടെ ഷിബു ബേബിജോണിനെ തോൽപ്പിച്ച് സി.പി.എം പ്രതികാരം വീട്ടി. മൺവെട്ടി മൺകോരി അടയാളത്തിൽ മത്സരിച്ച ഷിബുവിനെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരം കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിന്റെ ലീഡുയർത്തിയാണ് പ്രേമചന്ദ്രൻ വീട്ടിയത്. പ്രേമചന്ദ്രൻ നേടിയ ലീഡ് അതേ പടി നിലനിറുത്തി മണ്ഡലം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് നീക്കം. സംസ്ഥാന യു.ഡി.എഫിന്റെ വിശ്വസ്ത നേതാവായ ഷിബു ബേബിജോണിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ അടിത്തട്ട് ഇളക്കി രംഗത്തുണ്ട്. ആർ.എസ്.പിയും സി.പി.എമ്മും കൊണ്ടും കൊടുത്തും മുന്നേറുമ്പോൾ നിശബ്ദമായി വോട്ടുയർത്താനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് 29ലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എന്തായാലും സംഘടനാ സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ ചിട്ടപ്പെടുത്തിയിരിക്കുകയാണ് ചവറയിലെ മുന്നണികൾ.