കരുനാഗപ്പള്ളി: തെറ്റ് തിരുത്താനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കൊവിഡെന്ന് മാതാ അമൃതാനന്ദമയി. 67-ാം ജന്മദിനത്തിന്റെ ഭാഗമായി അമൃതപുരിയിൽ നൽകിയ സന്ദേശത്തിലാണ് അമ്മ ഇങ്ങനെ പറഞ്ഞത്.'പ്രകൃതി എത്രയോ മുന്നറിയിപ്പുകൾ നൽകുന്നു, എന്നാൽ മനുഷ്യർ അതൊന്നും മനസിലാക്കുന്നില്ല. തെറ്റായ ശീലങ്ങൾ നമ്മുടെ സ്വഭാവമായി മാറി. മനുഷ്യരാശി കൊവിഡിന് മുൻപിൽ നിസഹായരായി നിൽക്കുന്നു. ഇത് പഴിപറയലിനും കുറ്റപ്പെടുത്തലിനുമുള്ള സമയമല്ല, മറിച്ച് ധൈര്യത്തോടും ജാഗ്രതയോടും ജഡത്വം വെടിഞ്ഞ് ക്രിയാത്മകമായി ധർമ്മത്തിലുറച്ച കർമ്മങ്ങളിൽ വ്യാപൃതരാവുകയാണ് നാം വേണ്ടതെന്നും അമ്മ പറഞ്ഞു.
കാരുണ്യത്തിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണ് അമ്മ അനുഗ്രഹ പ്രഭാഷണം ഉപസംഹരിച്ചത്. സകലരെയും ഒരുപക്ഷെ നമുക്ക് സഹായിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ നമുക്ക് ചുറ്റുമുള്ള കുറച്ചു പേരോടെങ്കിലും നമ്മുടെ കാരുണ്യം പ്രകടിപ്പിക്കാനാകണം. കൊവിഡിനെ ജയിക്കാൻ ശക്തിയുള്ള, ഈ 'കാരുണ്യ'വൈറസാണ് ഇന്ന് ലോകത്ത് പടരേണ്ടതെന്നും അമ്മ പറഞ്ഞു.
സാധാരണ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തുന്ന അവസരമാണ് മാതാ അമൃതാനന്ദമയിയുടെ ജന്മദിനം. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ജന്മദിനം ആഘോഷങ്ങളും ആൾക്കൂട്ടവുമില്ലാതെ വിശ്വശാന്തിക്കായുള്ള പ്രാർത്ഥനാ യജ്ഞമായി ആചരിക്കുകയായിരുന്നു.
ലോകശാന്തിക്കായുള്ള പ്രാർത്ഥനാ സങ്കല്പത്തിലും അമ്മയുടെ നേതൃത്വത്തിൽ എല്ലാവരും പങ്കാളികളായി. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്തരും അമ്മയ്ക്കൊപ്പം ധ്യാനമിരുന്നു.