ഉയർന്ന വിലയ്ക്ക് കൂടുതൽ കമ്മിഷൻ
കൊല്ലം: കൊവിഡ് ചികിത്സ വീട്ടിലായതോടെ ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്ന ഓക്സി മീറ്ററിന് മെഡിക്കൽ സ്റ്റോറുകൾ കഴുത്തറുപ്പൻ വില വാങ്ങുന്നു. ഗുണനിലവാരമില്ലാത്ത ഓക്സി മീറ്ററുകളും വ്യാപകമായിട്ടുണ്ട്.
ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതാണ് കൊവിഡിന്റെ ലക്ഷണങ്ങളിലൊന്ന്. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഡോക്ടർമാർ നൽകുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്ന് ശരീരത്തിലെ ഓക്സിജന്റെ അളവ് നിരന്തരം പരിശോധിക്കണമെന്നാണ്. ഇതിനായി രോഗികൾ കൂട്ടത്തോടെ ഓക്സി മീറ്ററുകൾ വാങ്ങിത്തുടങ്ങിയപ്പോഴാണ് കൊള്ള തുടങ്ങിയത്.
പൾസ് മീറ്ററും കൂടി ചേർന്ന 600 മുതൽ 8,000 രൂപ വരെ വിലയുള്ള ഓക്സി മീറ്ററുകൾ നേരത്തെ വിപണിയിലുണ്ട്. ഇപ്പോൾ ആയിരം രൂപയ്ക്ക് താഴെയുള്ള ഓക്സി മീറ്ററുകൾ മെഡിക്കൽ സ്റ്റോറുകളിൽ കിട്ടാനില്ല. കൂടുതൽ തുക കമ്മിഷൻ കിട്ടുന്ന ഉയർന്ന വിലയ്ക്കുള്ളവ മാത്രമാണുള്ളത്.
കവറിലെ യഥാർത്ഥ എം.ആർ.പി വെട്ടി പുതിയ വില പതിച്ചാണ് വിൽക്കുന്നതെന്നും പരാതിയുണ്ട്. ഓണലൈനിൽ അഞ്ഞൂറ് രൂപയ്ക്ക് വരെ ഓക്സി മീറ്ററുകളുണ്ട്. പക്ഷെ ഇവയുടെ ഗുണനിലവാരത്തിൽ വിശ്വാസ്യതയില്ല. നിലവാരമില്ലാത്ത ഓക്സി മീറ്ററുകൾ ഉപയോഗിച്ചാൽ വീട്ടിലെ കൊവിഡ് ചികിത്സ വലിയ അപകടമായി മാറും. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാസ്കുകളും സാനിട്ടൈസറും കൊള്ളവിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കിയതാണ് ഇപ്പോൾ ഓക്സി മീറ്ററുകളുടെ കാര്യത്തിലും സംഭവിക്കുന്നത്.
ജില്ലയിൽ ഏകദേശം രണ്ടായിരത്തോളം പേരാണ് നിലവിൽ വീടുകളിൽ ചികിത്സയിലുള്ളത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഓക്സി മീറ്ററിന്റെ ആവശ്യകതയും ഉയരും. അതുകൊണ്ട് ജില്ലാ ഭരണകൂടം ഓക്സിമീറ്ററുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും വില നിയന്ത്രിക്കുന്നതിലും ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഓക്സി മീറ്റർ
വില: 600 - 8,000 രൂപ
വീടുകളിൽ ചികിത്സയിലുള്ളത്: 2,000 പേർ
''
ഓക്സി മീറ്ററുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചു. കമ്പനിയിൽ നിന്ന് തന്നെ എം.ആർ.പി മാറ്റിയാണ് വരുന്നത്.
മെഡിക്കൽ സ്റ്റോർ ഉടമകൾ