police
വെഞ്ചേമ്പ് പിനാക്കിൾ വ്യൂ പോയിന്റിൽ കൊവിഡ് മാനദണ്ഡങ്ങൾ മറികടന്നെത്തിയ യുവാക്കളിൽ നിന്ന് പൊലീസ് പിഴ ഈടാക്കുന്നു

 നിയമ ലംഘനത്തിന് 2,000 രൂപ വീതം പിഴ

അഞ്ചൽ: കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് പിനാക്കിൾ വ്യൂ പോയിന്റിൽ കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ഇന്നലെ ഒത്തുകൂടിയത് അഞ്ഞൂറിലേറെ യുവാക്കൾ. ആൾക്കൂട്ടം രൂപപ്പെടുന്നതറിഞ്ഞ് എത്തിയ അഞ്ചൽ പൊലീസ് പുറത്തേക്കുള്ള വഴികൾ അടച്ച് എല്ലാവരിൽ നിന്നും പിഴ ഈടാക്കി. കനത്ത മഞ്ഞുവീഴ്ചയാണ് പിനാക്കിൾ വ്യൂ പോയിന്റിന്റെ പ്രത്യേകത.

പുലർച്ചെ മഞ്ഞ് പെയ്യുന്നത് കാണാൻ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. എന്നാൽ ഇന്നലെ പുലർച്ചെ അഞ്ഞൂറിലേറെ ബൈക്കുകളിലാണ് യുവാക്കളുടെ സംഘമെത്തിയത്. മുൻകൂട്ടി ആലോചിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ ഒരുമിച്ചെത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. ചിലരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പുറത്തേക്കുള്ള വഴികൾ പൊലീസ് ജീപ്പ്, ബസ് എന്നിവ ഉപയോഗിച്ചാണ് പൊലീസ് അടച്ചത്. ഇതോടെ നിയമം ലംഘിച്ച് കാഴ്ച കാണാൻ എത്തിയവർക്ക് ഒരു തരത്തിലും പുറത്ത് പോകാൻ കഴിയാത്ത സ്ഥിതിയായി.

എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കാൻ കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു. കൊവിഡ് നിർദേശങ്ങൾ പാലിക്കാതെ കണ്ടെയ്മെന്റ് സോണുകളിൽ നിന്നുൾപ്പെടെ നിരവധി പേർ ഇവിടെ എത്തുന്നതിന് എതിരെ മുൻപും പൊലീസിന് പരാതി ലഭിച്ചിരുന്നു. സംഘടിതമായി നൂറ് കണക്കിന് യുവാക്കൾ എത്തിയതോടെയാണ് ഇന്നലെ മിന്നൽ ആക്ഷനിലേക്ക് പൊലീസ് കടന്നത്. തുടർന്നും ഇവിടെ നിയമ ലംഘനമുണ്ടായാൽ കർശനമായി ഇടപെടുമെന്നാണ് പൊലീസ് നിലപാട്.

 പ്രകൃതി ഒരുക്കിയ വിരുന്ന്

അഞ്ചൽ കൊച്ചുകുരുവിക്കോണം ജംഗഷനിൽ നിന്ന് അരിപ്ലാച്ചി വെഞ്ചേമ്പ് റോഡിൽ 'ഒരുനട' എന്ന സ്ഥലത്താണ് പ്രകൃതി ഒരുക്കുന്ന മഞ്ഞ് വീഴ്ചയുടെ മനോഹര ദൃശ്യങ്ങൾ. റബർ മരങ്ങളാൽ ചുറ്റപ്പെട്ടിരുന്ന പ്രദേശം റീപ്ലാന്റിനായി മരങ്ങൾ മുറിച്ചപ്പോൾ മുതലാണ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്.