നിയന്ത്രണം ഭേദിച്ച് കൊവിഡ് കുതിപ്പ്
കൊല്ലം: നിയന്ത്രണം ഭേദിച്ച് കൊവിഡ് നിരക്ക് കുത്തനെ ഉയർന്നതോടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളും രോഗ ബാധിത മേഖലകളായി. കൊല്ലം കോർപ്പറേഷൻ പരിധിയിൽ സൂപ്പർ സ്‌പ്രെഡിന് സമാനമായ തരത്തിൽ രോഗികളുടെ എണ്ണം ദിനവും വർദ്ധിക്കുകയാണ്. കൊവിഡ് ആശുപത്രികളായ കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശേഷിയുടെ പരമാവധി രോഗികളായി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രവേശിപ്പിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായ ഹോക്കി സ്റ്റേഡിയം, എസ്.എൻ ലാ കോളേജ്, നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും സൗകര്യങ്ങൾക്ക് ആനുപാതികമായി രോഗികളുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ പുതിയ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിലവിൽ ആരോഗ്യ വകുപ്പിന്റെ പരിഗണനയിലില്ല.
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ കൂടുതലായി ആരംഭിച്ചാൽ അവിടെ നിയോഗിക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കടുത്ത ദൗർലഭ്യം നേരിടേണ്ടിവരും. ഇതോടെ പരമാവധി ഗൃഹ ചികിത്സ പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. കക്കൂസ് സൗകര്യമുള്ള മുറിയുണ്ടെങ്കിൽ അതിനുള്ളിൽ മറ്റ് കടുബാംഗങ്ങളുമായി സമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടമാർ ടെലി മെഡിസിനിലൂടെ ആരോഗ്യ വിവരങ്ങൾ ആരായും. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആശുപത്രിയിലേക്ക് മാറ്റും. സമൂഹ വ്യാപനത്തിലേക്ക് സ്ഥിതി മാറിയെന്ന സൂചനകളാണ് ആരോഗ്യ വകുപ്പും പങ്കുവയ്ക്കുന്നത്.
ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് ആശങ്ക
സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആരോഗ്യ പ്രവർത്തകർക്ക് തുടർച്ചയായി കൊവിഡ് ബാധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളിലും ആശങ്ക ഉയർത്തുന്നുണ്ട്. കൊവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നവരല്ല രോഗബാധിതരാകുന്നത്. മറ്റ് ചികിത്സാ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കൊവിഡ് വാർഡുകളിലെ ശുചീകരണ തൊഴിലാളികൾ എന്നിവരിലാണ് രോഗ ബാധ കൂടുതലുണ്ടായത്.
മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ ?
കൊവിഡ് ചികിത്സയോട് ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും മുഖം തിരിക്കുന്നുവെന്ന വിമർശനം ആരോഗ്യവകുപ്പിനുണ്ട്. ചികിത്സയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ച രോഗികളെ തുടർ ചികിത്സ നൽകാതെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന പരാതിയും ചിലർക്കെതിരെ ഉയർന്നു. നൂറും അതിലേറെ കിടക്കകളും ഉള്ള ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്കായി പ്രത്യേക ഐ.സി.യു സജ്ജമാക്കണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം പലരും മുഖവിലയ്ക്കെടുത്തിട്ടില്ല.
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഉള്ളവർ
1. വാളകം മേഴ്‌സി ഹോസ്‌പിറ്റൽ: 109
2. ശാസ്‌താംകോട്ട ബി.എം.സി: 80
3. ശാസ്‌താംകോട്ട സെന്റ് മേരീസ്: 107
4. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം:169
5. വിളക്കുടി ലിറ്റിൽ ഫ്‌ളവർ: 77
6. ഇളമാട് ഹംദാൻ: 36
7. കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ:100
8.ചന്ദനത്തോപ്പ് ഐ.ടി.ഐ: 88
9.വെളിയം എ.കെ.എസ് ആഡിറ്റോറിയം: 73
10. കൊല്ലം എസ്.എൻ ലാ കോളേജ്:164
11. ചവറ അൽഅമീൻ: 93
12. ചിതറ പൽപ്പു കോളജ്: 58
13. മയ്യനാട് വെള്ളമണൽ സ്‌കൂൾ: 74
14. നെടുമ്പന സി.എച്ച്.സി:100
15. പെരുമൺ എൻജിനിയറിംഗ് കോളേജ്:109
16.വള്ളിക്കാവ് അനുഗ്രഹ:101
17. നായേഴ്‌സ് ആശുപത്രി (സ്‌പെഷ്യൽ സി.എഫ്.എൽ.ടി.സി): 2
18. തഴവ പ്രസാദം ബ്ലോക്ക്: 49
''
ദുരുന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഐ.സി.യു തയ്യാറാക്കി കൊവിഡ് രോഗികളെ ചികിത്സിച്ചില്ലെങ്കിൽ സ്വകാര്യ ആശുപത്രികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വീഴ്ച ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ