കൊല്ലം: കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റിന്റെ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് പലതവണയായി ലക്ഷങ്ങൾ വായ്പയെടുത്ത സെക്രട്ടറിക്കെതിരെ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. കരിക്കോട്, കോളേജ് ഡിവിഷനിലെ അമൃതശ്രീ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി മഠത്തിൽ വീട്ടിൽ ജലജയ്ക്കെതിരെയാണ് കേസ്. അംഗങ്ങളുടെ ആഴ്ച നിക്ഷേപത്തിൽ നിന്നാണ് വ്യാജ ഒപ്പിട്ട് വായ്പയെടുത്തത്.
നിക്ഷേപിക്കുന്ന തുകയുടെ പരമാവധി നാലിരട്ടി തുകയാണ് ഓരോ അംഗത്തിനും ബാങ്കിൽ നിന്ന് വായ്പ എടുക്കാവുന്നത്. വായ്പാ തുക ചെക്കായാണ് നൽകുന്നത്. ചെക്കിൽ പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാണ് അംഗങ്ങൾക്ക് നൽകുന്നത്. ജലജയ്ക്ക് 14,700 രൂപയേ ആഴ്ച നിക്ഷേപമായുള്ളു. അതുകൊണ്ട് പരമാവധി 58,800 രൂപയേ വായ്പ എടുക്കാനാകു. പക്ഷെ കുടുംബശ്രീ യൂണിറ്റ് യോഗത്തിൽ ആലോചിക്കാതെ പലപ്പോഴായി 441,000 രൂപ പലപ്പോഴായി വായ്പയെടുക്കുകയായിരുന്നു.
സെക്രട്ടറിയുടെ ഭർത്താവും മകനുമാണ് ബാങ്കിൽ പോയി പണം പിൻവലിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് കണക്ക് പരിശോധിച്ചപ്പോൾ തട്ടിപ്പ് പുറത്ത് വന്നിരുന്നു. നിയമവിരുദ്ധമായി എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് അന്ന് ഉറപ്പ് നൽകിയെങ്കിലും നടന്നില്ല. അതിന് ശേഷം യൂണിറ്റ് യോഗവും സെക്രട്ടറി വിളിച്ചുചേർത്തിട്ടില്ലെന്ന് അംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ ഒന്നരലക്ഷം രൂപയോളം തിരിച്ചടയ്ക്കാനുണ്ട്. ചെറിയ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന് പൊലീസ് നൽകിയ നിർദ്ദേശവും പാലിക്കാതിരുന്നതോടെയാണ് കേസെടുത്തത്.
യൂണിറ്റിന്റെ അഫിലിയേഷൻ റദ്ദാക്കി
യൂണിറ്റ് സെക്രട്ടറി അഞ്ച് വർഷം മുമ്പ് കോളേജ് ഡിവിഷനിൽ നിന്ന് പെരുമ്പുഴയിലേക്ക് താമസം മാറിയിരുന്നു. ഇത്രകാലം കഴിഞ്ഞിട്ടും കുടുംബശ്രീ യോഗം വിളിച്ചുചേർത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും തയ്യാറായില്ല. വായ്പാ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ യൂണിറ്റിന്റെ അഫിലിയേഷൻ സി.ഡി.എസ് റദ്ദാക്കി. അതുകൊണ്ട് തന്നെ പ്രളയകാലത്തും ഇപ്പോൾ കൊവിഡ് ആശ്വാസമായും കുടുംബശ്രീക്ക് അനുവദിച്ച ഒരു സഹായവും അമൃതശ്രീ യൂണിറ്റിലെ അംഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇവരിൽ അധികവും കശുഅണ്ടി തൊഴിലാളികളും പ്രത്യേകിച്ച് വരുമാനങ്ങളൊന്നുമില്ലാത്ത പാവപ്പെട്ട സ്ത്രീകളുമാണ്.