തൊടിയൂർ: വീടിന്റെ ശോചനീയാവസ്ഥ കാരണം ഇരുന്നു പഠിക്കാനും കിടന്നുറങ്ങാനും കഴിയാതെ വിഷമിച്ച പ്ലസ്ടു ,പ്ലസ് വൺവിദ്യാർത്ഥികളായ അനിതയും സനിതയും മുത്തശ്ശി ആനന്ദവല്ലിയുമടങ്ങുന്ന കുടുംബത്തിന് കൈത്താങ്ങായി കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി. മേൽക്കൂര തകർന്ന് ഭിത്തികൾ വീണ്ടുകീറി തകർന്നു വീഴാൻ പാകത്തിൽ നിൽക്കുന്ന വീട്ടിൽ വിദ്യാർത്ഥികളായ സഹോദരിമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.രമണൻ വീട് വാസയോഗ്യമായ നിലയിൽ നവീകരിച്ചുനൽകുമെന്ന് പറഞ്ഞിരുന്നു. മൂന്നു മുറികളും, അടുക്കളയും വരാന്തയും ഉൾക്കൊള്ളുന്നതാണ് നവീകരിക്കപ്പെട്ടവീട്. പതാരംവാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ വീടുപണിക്ക് സന്നദ്ധ പ്രവർത്തനംനടത്തി.കൂടാതെ ഗ്യാസ് കണക്ഷനുൾപ്പടെയുള്ള വീട്ടുപകരണങ്ങളും പഠനമേശയും സംഭാവനയായി നൽകുകയും ചെയ്തു. കല്ലേലിഭാഗം മീനത്തേ കിഴക്കതിൽ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി നജീംമണ്ണേൽ ആനന്ദവല്ലിക്ക് വീടിന്റെ താക്കോൽ കൈമാറി.എൻ.രമണൻ അദ്ധ്യക്ഷതവഹിച്ചു.ധർമ്മരാജൻ സ്വാഗതം പറഞ്ഞു. സുന്ദരേശൻ, ശ്രീജി.വിനോദ് പിച്ചിനാട്ട്, കെ.വാസദേവൻ, എസ്.കെ അനിൽ ,അഷറഫ് വിളയിൽ, വസന്തകുമാരി, ബിജു, ശ്യാംരാജ്, മകേഷ്, സമീർ സുനി എന്നിവർ പങ്കെടുത്തു.