fores
ചാലിയക്കരയിലെ ജനവാസ മേഖലയോട് ചേർന്ന വനത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടം

പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കര -മാമ്പഴത്തറ പാതയോരത്തെ ജനവാസ മേഖലയോട് ചേർന്ന വനത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിൽ. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചാലിയക്കരക്ക് സമീപത്തെ ഉപ്പുകുഴിയിലെ പാറവളളി ചതുപ്പ് പ്രദേശത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. രാത്രിയാകുമ്പോൾ ഇത് വഴി ചാലിയക്കര ഫാക്ടറിക്ക് സമീപത്ത് വരെ കാട്ടാനകൾ എത്താറുണ്ട്.ഇത് കൂടാതെ ചാലിയക്കരക്ക് സമീപത്തെ ചെറുകടവ്, മാമ്പഴത്തറ, ഉപ്പുകുഴി തുടങ്ങിയ ജനവാസ മേഖലയോട് ചേർന്ന വന പ്രദേശത്ത് സ്ഥിരമായി കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത് പതിവ് സംഭവമായി മാറുകയാണ്.ചാലിയക്കര-മാമ്പഴത്തറ പാതയോരത്തെ വനാന്തരങ്ങളിൽ സ്ഥിരമായി ക്യാമ്പ് ചെയ്യുന്ന കാട്ടാനകൾ റോഡിൽ ഇറങ്ങി നിൽക്കുന്നതും പതിവ് സംഭവമാണ്.റോഡിൽ ഇറങ്ങുന്ന കാട്ടാനകളെ കണ്ട് ഇത് വഴിയെത്തുന്ന ഇരുചക്രവാഹന യാത്രക്കാർ വാഹനങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപെടുകയാണ്.ഇതിനൊപ്പം നാട്ടിൻപുറങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷികളും നശിപ്പിച്ചു വരികയാണ്.