vyapanam

 ജില്ലയിലാകെ കൊവിഡ് ബാധിതർ 12,000 കടന്നു

കൊല്ലം: കൊവിഡ് വ്യാപന നിരക്കിൽ ജില്ല അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് കൊല്ലത്തേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകൾ പ്രതിദിനം സ്ഥിരീകരിക്കുന്നത്.

ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ജില്ല അഞ്ചാം സ്ഥാനത്താണ്. ജില്ലയിലെ രോഗവ്യാപനത്തിന്റെ തീവ്രതയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ ദിവസവും കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ പ്രതിദിന രോഗ സ്ഥിരീകരണം ആയിരത്തിലേക്ക് ഉയരാനും സാദ്ധ്യതയുണ്ട്.

 എന്നും റെക്കാഡ‌ുകൾ

പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ എന്നും പുതിയ റെക്കാഡുകൾ സൃഷ്ടിക്കപ്പെടുകയാണ്. ഇന്നലെ 690 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന പോസിറ്റീവ് കേസ് സംഖ്യയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച വലിയൊരു വിഭാഗത്തെ വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇതോടെ പ്രതിദിനം രോഗ സ്ഥിരീകരണം വീണ്ടും ഉയരും. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 12,000 കടന്നു. ഒരുമാസം മുൻപ് വരെ ഓരോ ആഴ്ചയിലുമാണ് രോഗവ്യാപനം ആയിരം വർദ്ധിച്ചിരുന്നത്. ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 1,200 ഓളം വർദ്ധനവ് ഉണ്ടാകുകയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ന് അയ്യായിരം കടക്കും.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്ത് നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒൻപത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 675 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഈമാസം 24ന് മരിച്ച കൊല്ലം കാഞ്ഞാവെളി തെക്കേചേരിയിൽ ഫാത്തിമകുഞ്ഞിന്റെ (80) മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 269 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,860 ആയി.

 ഇതുവരെ കൊവിഡ് ബാധിച്ചത്: 12,431

 രോഗമുക്തർ: 7,433

 ചികിത്സയിലുള്ളവർ: 4,860

 ഇന്നലെ പോസിറ്റീവായത്: 690