covid-centre

കൊല്ലം: നഗരത്തിലെ മൂന്നാം കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ജില്ലാ ആശുപത്രിക്ക് സമീപത്തെ അഞ്ച് നില കെട്ടിടത്തിലാണ് സെന്റർ ആരംഭിക്കുക. ഏകദേശം 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാകും ഒരുക്കുക.

നഗരത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്. എസ്.എൻ ലാ കോളേജ്, ആശ്രാമം ഹോക്കി സ്റ്റേഡിയം എന്നിവയാണ് നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾ. നഗരത്തിൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ വലിയൊരു ഭാഗത്തിന് രോഗലക്ഷണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ആരംഭിക്കാനിരുന്ന ലാ കോളേജ് കെട്ടിടത്തിൽ ലാബ് അടക്കം സജ്ജമാക്കി സെക്കൻഡ് ലൈൻ സെന്ററായാണ് തുടങ്ങിയത്.

ആശ്രാമം ഹോക്കി സ്റ്റേഡിയവും രണ്ടാഴ്ച മുമ്പ് സെക്കൻഡ് ലൈൻ സെന്ററാക്കിയിരുന്നു. രോഗലക്ഷണമില്ലാത്തവരുടെ ചികിത്സ വീട്ടിലാക്കിയ സാഹചര്യത്തിൽ നഗരത്തിൽ ഇനി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുണ്ടാകില്ല. നഗരത്തിൽ ഇപ്പോഴുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള നിരവധി പേർ ചികിത്സയിലുണ്ട്.

 ഇന്നലെ 206 പേർക്ക് കൊവിഡ്

ഇന്നലെ നഗരപരിധിയിൽ 206 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1215 ആയി.

 ഇന്നലെ കൂടുതൽ പേർ ഇവിടങ്ങളിൽ

ആശ്രാമം, അയത്തിൽ, തിരുമുല്ലവാരം നേതാജി നഗർ, തെക്കേവിള ലക്ഷ്മി നഗർ, പള്ളിത്തോട്ടം ഗലീലി നഗർ, പുള്ളിക്കട പുതുവൽ പുരയിടം, പുന്തലത്താഴം, ശക്തികുളങ്ങര മീനത്ത് ചേരി