photo
പള്ളിക്കലാറ്റിന്റെ തീരത്ത് അന്താരാഷ്ട്ര നദീദനം യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : അന്താരാഷ്ട്ര നദി ദിനമായിരുന്നു ഇന്നലെ. മാലിന്യവും അഴുക്കുമടിഞ്ഞ് ഇല്ലാതാകുന്ന നമ്മുടെ നദികളിൽ ഇപ്പോൾ ശുദ്ധജലം പേരിനുപോലുമുണ്ടാകില്ല. ആ അവസരത്തിൽ നദീ ദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കലാറിന് ശുദ്ധജലം പകർന്ന് നൽകിയിരിക്കുകയാണ്

കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും.

മാലിന്യം നിറഞ്ഞ് നദികൾ

സംസ്ഥാനത്തെ 44 നദികളിൽ മാലിന്യം കുറവുള്ളത് 5 നദികളിൽ മാത്രമാണെന്നാണ് 3 വർഷം മുൻപുള്ള കേന്ദ്ര ജലവിഭവ വികസന വിനിയോഗ റിപ്പോർട്ടിൽ പറയുന്നത്. പെരിയാർ, പമ്പ, കല്ലായി, കരമന എന്നിവയിലാണു മാലിന്യം കൂടുതലുള്ളതെന്നും റിപ്പോർട്ടിലുണ്ട്. 39 നദികളിലും ഇ–കോളി അടക്കമുള്ള ബാക്ടീരിയകൾ, കാർബണിക രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ അളവ് അനുവദനീയ അളവിലും കൂടുതലാണ്.

നദി ദിനാചരണം

നദി ദിനാചരണത്തോടനുബന്ധിച്ച് പള്ളിക്കലാറിന്റെ തീരത്ത് സംഘടിപ്പിച്ച ചടങ്ങ് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു . പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കലാർ സംരക്ഷണ സമിതി പ്രസിഡന്റ് ദിനേശ് ലാൽ നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്‌കൃതി പരിസ്ഥിതി ക്ലബ് കോ -ഓർഡിനേറ്റർ സുധീർ ഗുരുകുലം നദീദിന സന്ദേശം നൽകി. കൗൺസിൽ ഭാരവാഹികളായ സാദിക്ക് കൊട്ടുകാട്, അൽത്താഫ്, ഫൈസൽ അലി എന്നിവർ പ്രസംഗിച്ചു.