xl
തകർന്നു വീഴാറായ പാവുമ്പ പ്രഥമിക ആരോഗ്യ ഉപകേന്ദ്രം.

തഴവ:തഴവ ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പാവുമ്പയിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രത്തിന്റെ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം ശക്തമായി.

1964ൽ തഴവ പാവുമ്പ 10-ാം വാർഡിൽ മഹാദേവർ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടം ഇപ്പോൾ എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ട് കീറിയും മേൽക്കൂരയുടെ ഓട് അടർന്നു വീണും അപകടാവസ്ഥയിലായിട്ടും ഇത് നവീകരിക്കാൻ അധികൃതർ ഒരു താത്പര്യവും കാണിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സൗകര്യങ്ങളില്ല

പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളിലെ ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർ ചികിത്സയ്ക്കായി ഈ ഉപകേന്ദ്രത്തേയാണ് ആശ്രയിക്കുന്നത്. പ്രതിദിനം നൂറിലധികം രോഗികൾ വന്നു പോകുന്ന ഇവിടെ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ സേവനംം കാര്യക്ഷമമായി ലഭിക്കുകയുംം ചെയ്യുന്നുണ്ട്. എന്നാൽ രോഗികളെ പ്രാഥമിക പരിശോധന നടത്തുവാനുള്ള സൗകര്യം പോലും ഇവിടെയില്ല എന്നതാണ് ഏറെ ദയനീയം. പഴയ ഒരു പലക ബെഞ്ചും, ഒരു ഡസ്കും മാത്രമാണ് ഉപകേന്ദ്രത്തിൽ ആകെയുള്ള ഫർണിച്ചറുകൾ.

പാവുമ്പ വില്ലേജിലെ ആറ് വാർഡുകളിലെ ആശാ വർക്കർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ കാര്യാലയം കൂടിയാണ് ഈ ഭാർഗവീ നിലയം. ഇവിടെ ഓഫീസ് പ്രവർത്തനം നടത്താനുള്ള ഒരു സാഹചര്യം പോലുമില്ല. 2005 ൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപകേന്ദ്രത്തോട് ചേർന്ന് ഒരു ശുചി മുറിയും കിണറും സ്ഥാപിച്ചതൊഴിച്ചാൽ അരനൂറ്റാണ്ടിനിടയിൽ കെട്ടിടത്തിന്റെ നവീകരണത്തിനായി യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഗ്രാമീണ മേഖലയായ പാവുമ്പയിലെ ഭൂരിഭാഗം പേരും ചികിത്സ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് പരമാവധി സർക്കാർ സംവിധാനങ്ങളെയാണ് പ്രയോജനപ്പെടുത്തി വരുന്നത് .ഗർഭകാല പരിചരണം, പ്രസവാനന്തര ചികിത്സകൾ ,ജീവിത ശൈലി രോഗങ്ങൾക്കുള്ള ഔഷധവിതരണം തുടങ്ങി ഏറെ പ്രയോജന പ്രദമായി നിലകൊള്ളുന്ന സ്ഥാപനത്തോട് അധികൃതർ തുടരുന്ന അവസ്ഥയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

2005-ൽ ഉപകേന്ദ്രത്തിനായി കിണർ, ശുചി മുറി എന്നിവ നിർമ്മിച്ചു നൽകിയിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം അടിയന്തര പ്രാധാന്യമർഹിക്കുന്നതാണ്. ഇതിന് ഫണ്ട് കണ്ടെത്തുന്നതിന് എം. പി ഉൾപ്പടെയുള്ളവരെ സമീപിച്ചിട്ടുണ്ട്.

കെ.കെ കൃഷ്ണകുമാർ

ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തഴവ

ഉപകേന്ദ്രത്തിന്റെ കെട്ടിടം തകർച്ചാഭീഷണി നേരിടുന്നതിനാൽ ഗർഭിണികൾ ഉൾപ്പടെയുള്ളവരെ ഇപ്പോൾ പുറത്തിരുത്തിയാണ് പരിശോധന നടത്തുന്നത്. ചുറ്റുപാടും കാടുമുടി ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. അധികൃതരുടെ അടിയന്തിര ഇടപെടീൽ വേണ്ട സാഹചര്യം ഇപ്പോൾ തന്നെ അതിക്രമിച്ചിരിക്കുകയാണ്. മായാ സുരേഷ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമെന്ന വാഗ്ദാനത്തിന് തന്നെ ഇപ്പോൾ വർഷങ്ങളുടെ പഴക്കമുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലും ചികിത്സയ്ക്കുള്ള പശ്ചാത്തലം ഒരുക്കുന്നതിലും അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. ഉപകേന്ദ്രത്തിന്റെ പ്രവർത്തനം തത്ക്കാലം വാടക കെട്ടിടത്തിലേക്ക് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുവാൻ അടിയന്തിര നടപടി വേണം പാവുമ്പ സുനിൽ പ്രതിപക്ഷ നേതാവ് തഴവ ഗ്രാമ പഞ്ചായത്ത്.