മുപ്പതേക്കറിൽ ഞാറ് നട്ട് യുവ കർഷകർ
കൊല്ലം: മയ്യനാട് കാരിക്കുഴി ഏലായിൽ കാൽനൂറ്റാണ്ടിന് ശേഷം കാർഷിക വസന്തത്തിന്റെ ഞാറ്റുപാട്ടുയർന്നു. തരിശായിക്കിടന്ന പാടങ്ങൾ ഉഴുതുമറിച്ച് ഞാറുനട്ട് കാർഷിക സംസ്‌കൃതിയെ തിരികെക്കൊണ്ടു വരുകയാണ് ഇവിടുത്തെ യുവ കർഷകർ. മയ്യനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കൾ, സർക്കാർ ജീവനക്കാർ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ കർഷകരായി എന്നത് ശ്രദ്ധേയമാണ്. തരിശായിക്കിടന്ന കാരിക്കുഴി ഏലായിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ചെറിയ തോതിൽ നെൽകൃഷി ആരംഭിച്ചത്. ഒരേക്കറിൽ തുടങ്ങിയ കൃഷിയാണ് കഴിഞ്ഞ വർഷം അഞ്ചേക്കർ വിസ്തൃതിയിലേക്ക് വ്യാപിപ്പിച്ചത്. കൃഷിവകുപ്പും സുഭിക്ഷ കേരളം പദ്ധതിയും സഹായത്തിനെത്തിയതോടെയാണ് കാരിക്കുഴി ഏലായിൽ പൂർണമായി ഞാറ് നടാനുള്ള തീരുമാനത്തിലേക്ക് യുവ കർഷകരെത്തിയത്.
വലിയ പരിശ്രമം
ആഴ്ചകളോളം നീണ്ട പരിശ്രമത്തിലൂടെയാണ് കാരിക്കുഴി ഏല കൃഷിയോഗ്യമാക്കിയത്. വിത്തെറിഞ്ഞതും ഞാറ് കിളിർത്തതുമെല്ലാം ഇവിടെ ആഘോഷമായിരുന്നു. കർഷകരെക്കാൾ ആവേശവും താത്പര്യവും കാണാനെത്തിവർക്കായിരുന്നു. ഇപ്പോൾ ഏലായിലാകെ തൊഴിലാളികൾ ഞാറ് നടുന്നതിന്റെ തിരക്കിലാണ്. യുവാക്കളാണ് ഇവിടെ കൂടുതൽ കൃഷിയിറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കൃഷിഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം
കാരിക്കുഴി ഏലായുടെ പല ഭാഗങ്ങളും വർഷങ്ങൾ കടന്ന് പോയപ്പോൾ പലരും നികത്തിയെടുത്തിട്ടുണ്ട്. ഇതിനെതിരെ നിയമ പോരാട്ടം നടത്തി കൃഷിയുടെ വീണ്ടെടുപ്പിനായി പരിശ്രമിക്കുന്ന വലിയൊരു വിഭാഗം മയ്യനാട്ടുണ്ട്. കാരിക്കുഴി ഏലായിലെ ഇപ്പോഴത്തെ കാർഷിക വിപ്ലവത്തിന് പിന്നിലുള്ള അവരുടെ പരിശ്രമവും ചെറുതല്ല.
കാരിക്കുഴി ഏല പതിറ്റാണ്ടുകൾക്ക് ശേഷമാണ് പൂർണമായും കൃഷിയിലേക്ക് മാറുന്നത്. കോറപ്പുല്ല് നീക്കം ചെയ്യാൻ നഗരസഭയുടെ സഹായം വേണം.
ആർ. രാജേഷ്
കാരിക്കുഴിയിലെ യുവകർഷകൻ
കൃഷിയിലേക്ക് ജനശ്രദ്ധ തിരിയുന്ന സമയമാണിത്. സമൂഹത്തിന്റെ പിന്തുണയും നന്നായി ലഭിക്കുന്നുണ്ട്.
എസ്.ശ്യാം
കാരിക്കുഴിയിലെ യുവ കർഷകൻ
വെല്ലുവിളിയായി കോറപ്പുല്ല്
ഏലായിലെ പല ഭാഗങ്ങളിലും പറിച്ചുകളയാൻ കഴിയാത്ത തരത്തിൽ വേരുറപ്പിച്ച കോറപ്പുല്ല് വലിയ വെല്ലുവിളിയായി. കോറപ്പുല്ല് വേരുറപ്പിച്ച ഭാഗങ്ങൾ ഒഴിവാക്കിയാണ് മുപ്പതേക്കറിൽ കൃഷിയിറക്കിയത്. കോറപ്പുല്ല് നീക്കം ചെയ്യാൻ കൂടുതൽ യന്ത്രസൗകര്യങ്ങൾ കർഷകർക്ക് ആവശ്യമാണ്. അതിന് നഗരസഭയുടെ സഹായമാണ് ഇനി വേണ്ടത്.