കൊല്ലം: പള്ളിക്കലാറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചവറ തെക്കുംഭാഗം നടയ്‌ക്കാവ് ജംഗ്ഷന് സമീപം ജയ് ഗുരുദേവിൽ ഷൈനിന്റെ മകൻ ഇന്ദ്രജിത്തിന്റെ (19) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുമ്പോഴായിരുന്നു അപകടം. പള്ളിക്കലാറിലെ ചെക്ക് ഡാമിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ കണ്ടാണ് ഇന്ദ്രജിത്തും ചവറ, കാവനാട്, തെക്കുംഭാഗം സ്വദേശികളായ മറ്റ് അഞ്ചുപേരും കുളിക്കാനെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെള്ളത്തിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച ഇന്ദ്രജിത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഷട്ടർ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത് ആഴം കൂട്ടിയ ഇവിടെ ഒഴുക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.
അപകടമറിഞ്ഞ് ശൂരനാട് പൊലീസും ഫയർഫോഴ്സുമെത്തി ഞായറാഴ്ച രാത്രി വൈകും വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ആറ്രിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഇന്ദ്രജിത്ത് പ്ലസ് ടു കഴിഞ്ഞ് തുടർ പഠനത്തിന് കാത്തിരിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി ശാസ്താംകോട്ട ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശൂരനാട് പൊലീസ് കേസെടുത്തു.