jaleel

കൊല്ലം: മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാനത്ത് ആദ്യമായി ഗവർണർക്ക് പരാതി പോയത് കൊല്ലത്തുനിന്ന്. ബി.ജെ.പി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാറാണ് പരാതി നൽകിയത്. ഇതിനുശേഷമാണ് സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ നേതാക്കളെല്ലാം ഗവർണർക്ക് പരാതി നൽകിയത്.

ഗോപകുമാറിന്റെ പരാതിയിൽ ഗവർണർ വിശദീകരണം തേടിയതായാണ് സൂചന. ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷന്റെ നിർദേശാനുസരണം തയ്യാറാക്കിയ പരാതി ജൂലായ് 7നാണ് കൈമാറിയത്. ഭരണഘടനയുമായി ബന്ധപ്പെട്ട വകുപ്പുകൾ ചൂണ്ടിക്കാട്ടി മന്ത്രി ജലീൽ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു പരാതി.


 പരാതി ഇങ്ങനെ


1. 2020 ഏപ്രിൽ, മേയ് മാസങ്ങളിൽ യു.എ.ഇ പ്രതിനിധിയും മന്ത്രി ജലീലുമായി സംസാരിച്ച് ഭക്ഷ്യപ്പൊതികൾ സ്വീകരിച്ചു. ഇതിനായി 20 തവണയെങ്കിലും ബന്ധപ്പെട്ടു. പൊതി സമ്മാനമായോ പാരിദോഷികമായോ ആണ് അയച്ചിട്ടുള്ളത്.
2. ഭരണഘടനയുടെ 18(4) അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രപതിയുടെ അനുമതി കൂടാതെ സമ്മാനമോ പാരിതോഷികമോ സ്വീകരിക്കാൻ പാടില്ല.
3. 299-ാം അനുച്ഛേദമനുസരിച്ച് മന്ത്രിമാർ ചെയ്യുന്ന കരാറുകളെല്ലാം ഗവർണറുടെ പേരിലാണ് നിർവഹിക്കേണ്ടത്.
4. അനുച്ഛേദം 203 അനുസരിച്ച് കേന്ദ്രാനുമതി കൂടാതെ വിദേശത്തുനിന്ന് കടം വാങ്ങാൻ പാടില്ല. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിൽ പത്ത്, പതിനൊന്ന്, പതിന്നാല് എൻട്രികളിൽ വിദേശ രാജ്യങ്ങളുമായിട്ടുള്ള എല്ലാ ബന്ധങ്ങളും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 41 ാം എൻട്രി അനുസരിച്ച് കസ്റ്റംസ് അതിർത്തി മറികടന്ന് ഇറക്കുമതി ​- കയറ്റുമതി ചെയ്യാനും കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരം.
5. 1992 ലെ ഫോറിൻ ട്രേഡ് ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് മന്ത്രി ജലിൽ ലംഘിച്ചു.
6. 1999 ലെ വിദേശ വിനിമയ മാനേജ്മെന്റ് നിയമത്തിലെ രണ്ട് ഇസഡ് ബി വകുപ്പ് മന്ത്രി ലംഘിച്ചു.

കയറ്റ് - ഇറക്കുമതി സംബന്ധിച്ച് റിസർവ് ബാങ്കിന് നൽകേണ്ട സത്യവാങ്മൂലത്തെപ്പറ്റിയാണിത് പറയുന്നത്. അതും ലംഘിച്ചു, അതിനാൽ മന്ത്രി ജലീലിനെ സ്ഥാനത്തുനിന്ന് പുറത്താക്കണം