കൊല്ലം: കൊട്ടാരക്കര ചന്തയെ നഗരസഭയും അവഗണിച്ചു. പഞ്ചായത്തിന്റെ പരിമിതികൾ മാറി നഗരസഭ ആയി അഞ്ച് വർഷം തികയുമ്പോഴും ചന്തയിൽ അടിസ്ഥാന വികസനംപോലും നടപ്പാക്കിയില്ല. തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് പട്ടണത്തിലെ ഏറെ ജനത്തിരക്കുള്ള ചന്തയുടെ പ്രവർത്തനം. വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷവും ഷീറ്റ് മേഞ്ഞ മത്സ്യ വിപണന കേന്ദ്രവും പ്ളാസ്റ്റിക് ഷീറ്റുകൾ കൊണ്ടുമറച്ച കച്ചവട സ്ഥാപനങ്ങളും തീരെ മോശമായ അവസ്ഥയിലുള്ള ഇറച്ചി സ്റ്റാളുകളുമൊക്കെയാണ് ഈ ചന്തയിൽ എന്നത്തെയും സ്ഥിതി.
വികസനം വീമ്പ് പറച്ചിലിൽ മാത്രം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലയളവിൽ ചന്തയുടെ വികസനം നടപ്പാക്കുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൻമാർ ആവർത്തിച്ചുപറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ഇടയ്ക്കൊക്കെ കോടികളുടെ വികസനം ഉടനെത്തിയ്ക്കുമെന്ന് വീമ്പ് പറയാറുമുണ്ടായിരുന്നു. പക്ഷെ, ഭരണസമിതിയുടെ കാലാവധി തീരാൻ നാളുകളെണ്ണുന്ന ഘട്ടമെത്തിയിട്ടും വികസന പദ്ധതികൾക്ക് അടിസ്ഥാനശിലയിടാൻപോലും ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ല.
35 ലക്ഷം വാടകയിനത്തിൽ വാങ്ങുന്നതല്ലാതെ
പ്രതിവർഷം മുപ്പത്തഞ്ച് ലക്ഷം രൂപയാണ് വാടക ഇനത്തിൽത്തന്നെ നഗരസഭയ്ക്ക് ചന്തയിൽ നിന്നും ലഭിക്കുന്നത്. ഈ തുക വാങ്ങുമ്പോൾ പോലും അതിനനുസരിച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ നഗരസഭ തീരെ താത്പര്യമെടുക്കാറില്ല. അറുപതിൽപ്പരം കടകളാണ് ചന്തയിൽ ഉള്ളത്. അടുപ്പുകൂട്ടിയപോലെയാണ് കച്ചവട സ്ഥാപനങ്ങൾ. സുരക്ഷിത സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഒരു വർഷം മുൻപ് തീ പിടിത്തം ഉണ്ടായപ്പോൾ മൊത്തം വ്യാപാര സ്ഥാപനങ്ങളും കത്തിനശിക്കേണ്ടതായിരുന്നു. ഫയർഫോഴ്സും പൊലീസും നിമിഷനേരംകൊണ്ട് ഇടപെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
നടക്കാൻ പോലും ബുദ്ധിമുട്ട്
സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ എപ്പോഴും വന്നപോകുന്ന ചന്തയിൽ സ്വസ്ഥമായി സഞ്ചരിക്കാൻ വഴിയില്ല. ഒരു ഭാഗത്ത് കൽപ്പടവുകളും മറുഭാഗത്ത് കോൺക്രീറ്റ് നിരപ്പുമുണ്ട്. വീതി തീരെ കുറവും ഉള്ളത് വൃത്തിഹീനവുമാണ്. മീൻ ഉണക്കാനിടുന്നതും ഇവിടെയാണ്. സാധനങ്ങൾ ഇഷ്ടാനുസരണം വാങ്ങാനുള്ള ഇടമില്ലാത്ത സ്ഥിതിയാണ്. വൈകുന്നേരങ്ങളിലും ഞായറാഴ്ച രാവിലെയും ആളുകൾ കൂടുതലായി ചന്തയിലേക്കെത്തും. മുട്ടി ഉരുമ്മാതെ നടക്കാൻ കഴിയാത്ത സ്ഥിതിയായതിനാൽ അതേച്ചൊല്ലിയുള്ള സംഘർഷങ്ങളും പതിവാണ്.
മത്സ്യവിൽപ്പന റോഡിലേക്കിറങ്ങി..
പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡരികിലെല്ലാം മത്സ്യ വിൽപ്പന സ്റ്റാളുകൾ തുടങ്ങി. ചന്തയിലെ വൃത്തിഹീന അന്തരീക്ഷത്തിൽ മത്സ്യം വാങ്ങാൻ ആളുകളെത്താൻ മടിച്ചത് വഴിയോര വിൽപ്പനക്കാർക്ക് ഗുണകരമായി. ചന്തയിലെ മത്സ്യം ഗുണനിലവാരമില്ലാത്തതാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു. പിന്നീട് നല്ല മത്സ്യം വന്നപ്പോഴും ആളുകൾ എത്താതെയായി. ഇറച്ചി വിൽപ്പന സ്റ്റാളും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സ്ളാട്ടർ ഹൗസ് ഇവിടെ അനുവദിച്ചിട്ടില്ല. സമീപത്തെ പുരയിടത്തിൽ വച്ച് കന്നുകാലികളെ കശാപ്പുചെയ്ത ശേഷമാണ് ചന്തയിലെ വിൽപ്പന സ്റ്റാളിലെത്തിക്കുന്നത്.