കൊല്ലം: സർക്കാർ ആശുപത്രികളിൽ സാധാരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ കോലം കത്തിച്ചു. കടപ്പാക്കടയിൽ നിന്ന് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ ചിന്നക്കട ബസ് ബേയിൽ വച്ചാണ് മന്ത്രിയുടെ കോലം കത്തിച്ചത്. തുടർന്ന് നടന്ന യോഗം ബി.ജെ.പി ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ച. ബി.ജെ.പി കൊല്ലം മണ്ഡലം ട്രഷറർ കൃഷ്ണകുമാർ, യുവമോർച്ച കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ്, വൈസ് പ്രസിഡന്റ് സജിൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം നിഖിൽ കരുവ എന്നിവർ സംസാരിച്ചു. നേതാക്കളായ അനന്ദു, അഭിനസ്, വിഷ്ണു, അഖിലേഷ്, ജ്യോതിസ്, ജിഷ്ണു, സൂരജ്, ശരൺ എന്നിവർ പങ്കെടുത്തു.