കൊല്ലം: കൊട്ടിയം മുഖത്തലയിൽ രാത്രി റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മുഖത്തല കുറുവണ്ണ സ്വദേശി ബൈജുവിനാണ് (33) വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11മണിക്കാണ് സംഭവം. സംഭവത്തിൽ ഇരവിപുരം സ്വദേശിയായ അജീഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബൈജുവും ബന്ധുവായ യുവാവുമായി റോഡരികിൽ സംസാരിച്ച് നിൽക്കവേ അതുവഴി വന്ന അജീഷും സുഹൃത്തും ചേർന്ന് ബൈജുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്തലയിലുള്ള അമ്മുമ്മയുടെ വീട്ടിലേക്ക് വരുകയായിരുന്നു അജീഷ്. ബൈജു രാത്രിയിൽ റോഡരികിൽ നിന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അജീഷിനെ കോടതിയിൽ ഹാജരാക്കിയതായും കൂട്ടാളിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.കൈയ്ക്ക് വെട്ടേറ്റ ബൈജു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.