catering

 പന്തൽ, കേറ്ററിംഗ് മേഖല പ്രതിസന്ധിയിൽ

കൊല്ലം: അൺലോക്ക് നടപടികൾ ആരംഭിച്ചെങ്കിലും ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമുള്ളതിനാൽ പന്തൽ, കേറ്രറിംഗ് മേഖലകളിൽ പ്രതിസന്ധി രൂക്ഷമായി. കൊവിഡ് വ്യാപനം ഭയന്ന് വിവാഹ സത്കാരങ്ങൾ, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ ചടങ്ങുകളിലൊതുങ്ങിയതാണ് ആയിരങ്ങളെ ബുദ്ധിമിട്ടിലേക്ക് തള്ളിയിട്ടത്.

വിവാഹം,​ ഗൃഹപ്രവേശം,​ ഉത്സവ പരിപാടികളുടെ സീസണായിരുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ ലോക്ക് ഡൗണായിരുന്നതിനാൽ ഈ മേഖലയിലുള്ളവർക്ക് തൊഴിൽ നഷ്ടമായി. രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് ചെറിയതോതിൽ കർക്കടകത്തിൽ പരിപാടികളുണ്ടാകാറുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടാകാറില്ല.

ചിങ്ങപ്പിറവിയിലായിരുന്നു പിന്നീടുള്ള പ്രതീക്ഷ. ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ നിർദേശവുമുണ്ടായെങ്കിലും ഓണത്തിന് പിന്നാലെ കൊവിഡ് നിയന്ത്രണാതീതമായി കുതിച്ചതോടെ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശം ക‌ർശനമായി.

കല്യാണങ്ങളിൽ പരമാവധി അൻപത് പേർക്കാണ് പങ്കെടുക്കാൻ അനുമതി. കൊവിഡ് ഭയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പോലും ആഘോഷങ്ങളിൽ പങ്കെടുക്കുന്നില്ല. ഇതോടെ പന്തൽ, ഭക്ഷണം തുടങ്ങിയവ തയ്യാറാക്കാൻ പുറത്തുനിന്ന് ആരെയും വിളിക്കാതായി.

വധുഗൃഹത്തിലും ക്ഷേത്രങ്ങളിലും ചെറിയ ചടങ്ങായി വിവാഹങ്ങളും നിശ്ചയങ്ങളും ഒതുങ്ങി. അൻപത് പേർക്ക് സദ്യ ഒരുക്കിയാലും കൂട്ടമായിരുന്ന് കഴിക്കാൻ വിമുഖത അറിയിച്ച് പലരും മടങ്ങുകയാണ്. മരണവീടുകളിലും മരണാനന്തര ചടങ്ങുകളിലും ആളുകളുടെ വരവ് കുറഞ്ഞതോടെ ഒരുടാർപോളിന്റെ കീഴിലൊതുങ്ങാവുന്ന നിലയിലാണ് കാര്യങ്ങൾ.

 അലങ്കാരങ്ങൾ അലങ്കോലമായി

അഞ്ച് മാസമായി ജോലി ലഭിക്കാതായതോടെ പന്തൽ,​ കാറ്ററിംഗ് മേഖലയിൽ പണം മുടക്കിയവർ സാമ്പത്തിക ബാദ്ധ്യതയിലേക്കും തൊഴിലാളികൾ ജീവിത ബുദ്ധിമുട്ടിലേക്കും വഴുതിവീണു. പന്തൽ നാട്ടുന്നതിനുള്ള ഉപകരണങ്ങളും അലങ്കരിക്കാനുള്ള തുണികൾ, അലങ്കാര വർക്കുകൾ, വർണങ്ങൾ, തോരണങ്ങളെന്നിവയെല്ലാം ഉപയോഗിക്കാത്തതിനാൽ നശിച്ചുതുടങ്ങി.

കാറ്ററിംഗ് സ‌ർവീസുകാരുടെ ചെമ്പ്, വാർപ്പ്, ഉരുളി, ഓട്ടുപാത്രങ്ങളെന്നിവയും പൂപ്പലും ക്ളാവും നിറഞ്ഞു. ആഘോഷങ്ങളും ചടങ്ങുകളുമൊന്നും അടുത്തകാലത്തെങ്ങും സംഘടിപ്പിക്കാൻ കഴിയില്ലെന്ന് തീ‌ർച്ചയായതോടെ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പലരും ഇപ്പോൾ ഭക്ഷണപ്പൊതി തയ്യാറാക്കി വഴിയോരവിൽപ്പനയിലേക്കും മത്സ്യക്കച്ചവടം പോലുള്ള മറ്റ് ജോലികളിലേക്കും തിരിഞ്ഞു. ബാങ്ക് ലോണും സ്വയം തൊഴിൽ വായ്പകളുമെടുത്ത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാരംഭിച്ച യുവാക്കളും കൊവിഡ് ചതിയിൽപെട്ടിരിക്കുകയാണ്.

 ജോലി ഇല്ലാതായിട്ട്: 5 മാസം

''

കടം വാങ്ങിയാണ് പണം മുടക്കിയത്. പലിശ അടയ്ക്കാൻ പോലും നിവൃത്തിയില്ല. പന്തലുകളിൽ വെള്ള വിതാനിക്കാനുള്ള തുണികളും ഷാമിയാനയും പിഞ്ചിത്തുടങ്ങി. ഗ്യാസ് അടുപ്പുകളും മറ്റ് അടുക്കള ഉപകരണങ്ങളും ഫ്രിഡ്ജും ഉപയോഗിക്കാതെയും വാഹനങ്ങളും ഓടാതെയും നശിക്കുകയാണ്.

പ്രകാശ്, പന്തൽ ആൻഡ് കേറ്ററിംഗ് സർവീസ് ഉടമ