road
നെടുംപറമ്പ് ഭാഗത്തെ കുഴികൾ

പത്തനാപുരം: തകർന്നുകിടക്കുന്ന പുനലൂർ പത്തനാപുരം പാത യാത്രികരുടെ നടുവൊടിക്കുന്നു. മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായ മടത്തറ ചല്ലിമുക്ക് മുതൽ പുനലൂർ വരെയുള്ള ഭാഗം കമ്മീഷൻ ചെയ്യാനുള്ള ഒരുങ്ങുമ്പോഴാണ് ഇതേ പാതയുടെ ഭാഗമായ പുനലൂർ പത്തനാപുരം കോന്നി പാത തകർന്നു കിടക്കുന്നത്.പലഭാഗങ്ങളിലും റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ പുനലൂർ മുതൽ പത്തനാപുരം വരെയുള്ള പതിമൂന്ന് കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂറിലധികം സമയമെടുക്കും. നെടുംമ്പറമ്പ്.ചെമ്മാൻപാലം,പൂവണ്ണുംമൂട്,അലിമുക്ക്,പണ്ടകശാല,വെട്ടിത്തിട്ട,മുക്കടവ് തുടങ്ങിയ ഇടങ്ങളിലെല്ലാം വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹനങ്ങളുൾപ്പടെ ഇവിടെ അപകടത്തിൽ പെടുന്നതും പതിവാണ്. ചെറിയ മഴക്കാലത്ത് പോലുംകുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഇവയുടെ ആഴം പോലുമറിയാനാകാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുചക്രവാഹന യാത്രികരടക്കം കുഴികളിൽ വീഴുന്ന അവസ്ഥയുമുണ്ട്.ശബരിമല തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഈ പാതയെ ആശ്രയിക്കുന്നത്.തീർത്ഥാടന കാലത്തിന് മുൻപ് അറ്റകുറ്റപ്പണികൾ നടത്തി പാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ സ്വകാര്യ കമ്പനിക്ക് റോഡിന്റെ പണികൾ കരാർ നല്കിയ സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ നിർവാഹമില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു.


പൊതുമരാമത്ത് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണും.

കെ.ബി. ഗണേശ് കുമാർ എം.എൽ.എ

യാത്രികരുടെ നടുവൊടിക്കുന്ന റോഡിലെ കുഴികൾക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം നടത്തും.
സാജുഖാൻ (പൊതുപ്രവർത്തകൻ)