bus

 കൊവിഡിൽ സ്വകാര്യബസ് വ്യവസായം കട്ടപ്പുറത്ത്

കൊല്ലം: കൊവിഡ് വ്യാപനം ഓവർ സ്പീഡിലായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ ബ്രേക്ക് ഡൗണായ സ്വകാര്യബസ് വ്യവസായം കട്ടപ്പുറത്ത്. കൊവിഡ് ഭീതിയിൽ യാത്രകൾ സ്വയം നിയന്ത്രിച്ചതാണ് ബസുകളിലെ സീറ്റുകൾക്കൊപ്പം മുതലാളിമാരുടെ കീശയും കാലിയാക്കിയത്.

ലോക്ക് ഡൗണിനെ തുടർന്ന് പെട്ടെന്ന് സർവീസ് നിറുത്തിയ ബസുകളിൽ ഭൂരിഭാഗവും നിരത്തുവക്കിലും പാർക്കിംഗ് യാർഡകളിലും പൊടിയും മഴയുമേറ്റ് നശിക്കുകയാണ്. പല ബസുകളെയും പുല്ലും പാഴ്ച്ചെടികളും മൂടി.
അൺലോക്കിൽ സർവീസ് നടത്തിയ ബസുകൾക്ക് കഷ്ടിച്ച് 5,000ത്തിനുള്ളിലാണ് കളക്ഷൻ ലഭിച്ചത്. നേരത്തെ ശരാശരി 13,000 രൂപയോളം കളക്ഷനുണ്ടായിരുന്നു. സാധാരണ 600-700 പേരാണ് ഒരു ബസിൽ ദിവസവും കയറിയിറങ്ങുക. ഇതിൽ 150-200 പേർ വിദ്യാർത്ഥികളായിരിക്കും. ചെറിയ പൈസയായിരുന്നെങ്കിലും അതും ഒരു വരുമാനമായിരുന്നു.

ഒരുദിവസം നിരത്തിലിറക്കണമെങ്കിൽ ഒരു ബസിന് ചുരുങ്ങിയത് 8000 രൂപ വേണം.

2500 രൂപ തൊഴിലാളികളുടെ ശമ്പളവും 5500 രൂപ ഡീസലിനും പുറമേ ടയർ റീസോളിംഗ് ചാർജും വേണ്ടിവരും. വർഷം രണ്ടുസെറ്റ് ടയറെങ്കിലുമില്ലാതെ ഓടിക്കാനാകില്ല. നികുതി, ഇൻഷ്വറൻസ്, മെയിന്റനൻസ് ചെലവും മറ്റ് അല്ലറ ചില്ലറ ചെലവും കണക്കിലെടുത്താൽ ഇതിലും കൂടും.

കാറും ഇരുചക്രവാഹനങ്ങളും വ്യാപകമായതോടെ ബസിന് കാത്തുനിൽക്കുന്നത് പാവങ്ങൾ മാത്രമാണ്. കൊവിഡ് വന്നതോടെ അവരും എത്താതായി.

 കെണിയായി പലിശപ്പണം

കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയാണ് മിക്കവരും ബസ് വ്യവസായം നടത്തുന്നത്. ഇതാണ് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചത്. കൊവിഡിനെ തുട‌ർന്ന് ഏകദേശം ആറ് മാസത്തോളമായി മിക്ക ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകളിൽ ആളില്ലാത്തതിനാൽ വലിയ നഷ്ടത്തിലാണ്. നഷ്ടം പേടിച്ച് ജി.ഫോം നൽകി കയറ്റിയിട്ടിരിക്കുന്ന പല ബസുകളുടെയും ടയറും എൻജിനും ബാറ്ററിയും നശിച്ചുതുടങ്ങി.

ഇന്ധനം, ടയർ, സ്പെയർപാട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാദ്ധ്യതയുണ്ട്. സാധാരണ രണ്ടുമാസത്തെ കാലാവധിയാണ് ഇതിന് കിട്ടിയിരുന്നത്.

 തൊഴിലാളികൾ മറ്ര് തൊഴിലിലേക്ക്

ലോക്ക് ഡൗണിൽ സ്വകാര്യബസ് വ്യവസായം നിശ്ചലമായതോടെ ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടുംബം പുല‌ർത്താൻ മറ്റ് ജോലികളിലേർപ്പെട്ടിരിക്കുകയാണ് തൊഴിലാളികൾ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവ‌ർമാരായും കച്ചവടക്കാരായും നിർമ്മാണമേഖലയിലേക്കും അവരിൽ പലരും തിരിഞ്ഞുകഴിഞ്ഞു.

 നിലവിലെ സ്ഥിതി

1. നഷ്ടവും തൊഴിലാളികളുടെ ബാദ്ധ്യതയും വായ്പകളും കാരണം പിടിച്ചുനിൽക്കാനാകുന്നില്ല

2. പലരും പെ‌ർമിറ്റ് സഹിതവും ഇല്ലാതെയും ബസുകൾ വിൽക്കാനുള്ള ശ്രമത്തിൽ

3. ഡ്രൈവിംഗ് സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് പെർമിറ്രില്ലാത്ത ബസുകൾ വാങ്ങുന്നത്

4. ലക്ഷങ്ങൾ വിലമതിക്കുന്ന ബസുകൾ ഓടാതെ തുരുമ്പെടുത്ത് തുടങ്ങി

4. കിട്ടുന്ന വിലയ്ക്ക് വിറ്റ് ഉടമകൾ ബസുകൾ ഒഴിവാക്കുന്നു

 സ്വകാര്യ ബസുകൾ

 ജില്ലയിൽ: 400

 സിറ്റി സർവീസ്: 100

 ജീവനക്കാർ: 2,500

''

സെൻസറും ജി.പി.ആർ.എസും പോലുള്ള ഉപകരണങ്ങളുള്ള ബസുകൾ ദിവസങ്ങളോളം വെറുതെയിട്ടാൽ തകരാറിലാകും. അതിനാലാണ് നഷ്‍ടം സഹിച്ചും ചിലർ സർവീസ് നടത്തുന്നത്.

ലോറൻസ് ബാബു

ബസുടമാസംഘം നേതാവ്

''

അൺലോക്കിൽ സർവീസിന് ഇറങ്ങിത്തിരിച്ച ബസുകളിൽ വരുമാനം പകുതിയിൽ താഴെയായതോടെ തൊഴിലാളികളുടെ കൂലി കൈയിൽ നിന്ന് കൊടുക്കേണ്ട സ്ഥിതിയാണ്.

ബസ് ഉടമകൾ