കരുനാഗപ്പള്ളി ഡിപ്പോയിലെ ഗാരേജ് ജില്ലാ വർക്ക് ഷോപ്പ്
കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കി നിരത്തിലിറക്കാൻ പുതിയ സംവിധാനം. മേഖലാ വർക്ക് ഷോപ്പുകളിലെല്ലാം ഒരു ഗാരേജ് ജില്ലാ വർക്ക് ഷോപ്പായി ഉയർത്തുന്നു. ജില്ലയിൽ കരുനാഗപ്പള്ളി ഡിപ്പോയിലെ ഗാരേജ് ജില്ലാ വർക്ക് ഷോപ്പായി ഉയരും.
എല്ലാ ഡിപ്പോകളോടും ചേർന്ന് നിലവിൽ ഗാരേജുകളുണ്ട്. എന്നാൽ വലിയ അറ്റകുറ്റപ്പണികളെല്ലാം പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിലോ റീജിണൽ വർക്ക് ഷോപ്പുകളിലോ ആണ് ചെയ്യുന്നത്. ഒരു സെൻട്രൽ വർക്ക് ഷോപ്പും നാല് റീജിണൽ വർക്ക്ഷോപ്പുകളുമാണ് സംസ്ഥാനത്ത് ആകെയുള്ളത്. എല്ലാ ഡിപ്പോകളിൽ നിന്നും വലിയ അറ്റകുറ്റപ്പണിയുമായി ബസുകൾ ഇവിടെ എത്തുന്നതിനാൽ കാലതാമസം വരുന്നുണ്ട്. ഇതിന് പരിഹാരമായാണ് ഒരു ഗാരേജ് ജില്ലാ വർക്ക് ഷോപ്പായി ഉയർത്തുന്നത്.
എല്ലാ ഗാരേജുകളിലും കൂടുതൽ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള സ്ഥലസൗകര്യമില്ല. അതുകൊണ്ടാണ് ജില്ലയിൽ ഒരിടത്ത് കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നത്. കൂടുതൽ സ്ഥല സൗകര്യമുള്ള ഡിപ്പോ ആയതുകൊണ്ടാണ് കരുനാഗപ്പള്ളിയെ ജില്ലാ വർക്ക് ഷോപ്പായി ഉയർത്തുന്നത്.
കൂടുതൽ ജീവനക്കാരെ നിയമിക്കും
കരുനാഗപ്പള്ളി ജില്ലാ വർക്ക് ഷോപ്പിൽ കൂടുതൽ ജീവനക്കാർക്ക് പുറമേ സ്പെയർപാർട്സും അധികമായി ലഭ്യമാക്കും. എൻജിൻ, ഗിയർ ബോക്സ്, റിയർ ആക്സിൽ തുടങ്ങിയ പ്രധാനപ്പെട്ട ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ, അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പൂർവ സ്ഥിതിയിലാക്കൽ എന്നിവ ജില്ലാ വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് നടക്കും. ചെറിയ അറ്റകുറ്റപ്പണികളേ ഡിപ്പോകളിലെ ഗാരേജുകളിൽ ഉണ്ടാകൂ. ബസുകളുടെ അറ്റകുറ്റപ്പണി വൈകുന്നത് നേരത്തെ സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. കൊവിഡ് കാരണം ഇപ്പോൾ സർവീസുകൾ കുറച്ചിരിക്കുന്നതിനാൽ കാര്യമായ പ്രശ്നം ഇല്ല.
അടിസ്ഥാന സൗകര്യങ്ങൾക്ക് അനുവദിച്ചത്: 96 ലക്ഷം
ആകെയുള്ള ട്രാൻ. ബസുകൾ: 712
കട്ടപ്പുറത്ത്: 97