കരുനാഗപ്പള്ളി: സമുദ്രതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആലപ്പാട് കുരുക്കശ്ശേരിൽ ഭദ്രകാളീ ക്ഷേത്രം കടലാക്രമണ ഭീഷണിയിൽ. കടലിൽ നിന്ന് കൂറ്റൻ തിരമാലകൾ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് അടിച്ച് കയറുന്നതാണ് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നത്. നിരന്തരമായ മണ്ണൊലിപ്പിനെ തുടർന്നാണ് ക്ഷേത്രത്തിന്റെ സമീപത്ത് കടലാക്രമണം ശക്തമായത്. കാലവർഷത്തിലും വേലിയേറ്റ സമയങ്ങളിലും കൂറ്റൻ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത്. നിരന്തരമായ കടലാക്രമണത്തിൽ പുലിമുട്ടുകളും സമുദ്രതീര സംരക്ഷണ ഭിത്തിയും ഭാഗികമായി തകർന്നിരിക്കുകയാണ്. ശക്തമായ തിരമാലകൾ രൂപപ്പെടുമ്പോൾ കടൽ വെള്ളം ക്ഷേത്ര മതിൽക്കെട്ടിനുള്ളിലേക്ക് ഇരച്ച് കയറുന്നത് പതിവാണ്.
2 പുലിമുട്ടുകൾ
ഭക്തരുടെ ആവശ്യപ്രകാരം 4 വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിന്റെ പിൻ ഭാഗത്ത് രണ്ട് പുലിമുട്ടുകളും പുലിമുട്ടുകൾക്കിടയിൽ സമുദ്ര തീര സംരക്ഷണ ഭിത്തിയും നിർമ്മിച്ചിരുന്നു. സമുദ്ര തീരത്തു നിന്ന് 45 മീറ്റർ ഉള്ളിലേക്കാണ് പുലിമുട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. നമ്പർ സ്റ്റോണുകൾക്ക് പകരം ചെറിയ പാറക്കല്ലുകൾ ഉപയോഗിച്ചാണ് പുലിമുട്ടുകളും സമുദ്രതീര സംരക്ഷണ ഭിത്തിയും നിർമ്മിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ശക്തമായ തിരമാലകളെ തടഞ്ഞ് നിറുത്താനുള്ള ശേഷി നിലവിലുള്ള പുലിമുട്ടുകൾക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അറ്റകുറ്റപ്പണി നടത്തണം
ശക്തമായ കടലാക്രമണത്തിൽ ദിനംപ്രതി പുലിമുട്ടുകളിലെ പാറകൾ തകർന്ന് വീഴുകയാണ്. ഭാഗികമായി തകരുന്ന പുലിമുട്ടുകൾ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനുള്ള ശ്രമം ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് നാളിതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ നില തുടർന്നാൽ വളരെ താമസിക്കാതെ പുലിമുട്ടുകൾ പൂർണമായും തകർന്ന് കടലിൽ പതിക്കുമെന്ന് ഭക്തർ പറയുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ഭക്തരുടെ ആവശ്യം.
ഭാഗികമായി തകരുന്ന പുലിമുട്ടുകൾ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രശ്നം. ക്ഷേത്ര സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ മുൻകൈയെടുത്ത് പുലിമുട്ടുകളും തീര സംരക്ഷണ ഭിത്തിയും ബലപ്പെടുത്തണം.
എസ്.എൻ.ഡി.പി യോഗം ആലപ്പാട് 2326ാം നമ്പർ ശാഖാ സെക്രട്ടറി ജെ. ആനന്ദൻ