കൊല്ലം: പത്തനാപുരം, ചടയമംഗലം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കുണ്ടയം മൂലക്കട ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് പത്തനാപുരം റീജണൽ ആർ .ടി ഓഫീസ്(കെ .എൽ -80) പ്രവർത്തനം ആരംഭിച്ചത്. വിളക്കുടി, പിറവന്തൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ തുടങ്ങിയ പഞ്ചായത്തുകൾ ഈ ഓഫീസിന്റെ പരിധിയിൽ വരും. ചടയമംഗലം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കെട്ടിടത്തിലാണ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്(കെ .എൽ-82). ചടയമംഗലം, ഇളമാട്, നിലമേൽ, കടയ്ക്കൽ, ഇട്ടിവ, കുമ്മിൾ, വെളിനല്ലൂർ പഞ്ചായത്തുകളും 10 വില്ലേജുകളും കെ .എൽ-82 ന്റെ ഭാഗമാകും.
കൊല്ലം ഉൾപ്പടെ മൂന്നു ജില്ലകളിലായി നാല് ആർ. ടി ഓഫീസുകളാണ് പുതിയതായി ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സബ് ആർ. ടി ഓഫീസുകളുടെ എണ്ണം 67 ആയി.
ചടയമംഗലത്ത് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷനായി.കൊല്ലം ആർ.ടി.ഒ രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദേവി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം കെ.ഡാനിയേൽ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എസ്.രമാദേവി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സജീന,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.ഷംല,വി.രാകേഷ് വാർഡ് മെമ്പർ ആർ.രാജേന്ദ്രൻപിള്ള,കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ്ഓഫീസേഴ്സ് പ്രതിനിധി സുനിൽ ചന്ദ്രൻ,കേരള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ദുനൂപ്,കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി ജിതേന്ദു വി.എസ് ദേവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ സ്വാഗതവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ്.ജെ.എൻ നന്ദിയും പറഞ്ഞു.ചടയമംഗലത്തെ ആദ്യ ആർ.ടി.ഒ ആയി മിനി ഷറഫുദീൻ ചുമതലയേറ്റു.