പുനലൂർ:കിഴക്കൻ മലയോര മേഖലയിൽ വീണ്ടും കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അച്ചൻകോവിലിൽ വടക്കോതടിയിൽ വീട്ടിൽ കൃഷ്ണൻ കുട്ടി നായരുടെ(57) ഇടത് കാലിനാണ് പരിക്കേറ്റത്.പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻെറ പരിക്കേറ്റ കാലിൽ 14 തുന്നൽ ഇട്ടു.അച്ചൻകോവിൽ വാർഡിൽ മറ്റ് സ്ത്രീ തൊഴിലാളികൾക്കൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ പാഞ്ഞു വന്ന കാട്ടു പന്നി കൃഷ്ണൻകുട്ടിയുടെ ഇടത് കാലിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് കാട്ടു പന്നി വനത്തിൽ കയറി പോയി. പ്രദേശവാസികൾക്ക് നേരെ വന്യ മൃഗങ്ങളുടെ അക്രമണം നിത്യസംഭവമായി മാറുന്നതിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പന്നിട് വനപാലകർ ഇടപെട്ടതിനെ തുടർന്ന് പ്രതിഷേധക്കാർ മടങ്ങുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം അച്ചൻകോവിൽ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരിക്കേറ്റയാളെ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ടാക്സി ജിപ്പിലാണ് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടു പന്നിയുടെ അക്രമണത്തിൽ കാലിന് പരിക്കേറ്റ കൃഷ്ണൻകുട്ടി നായർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സന്തോഷ് കുമാർ അറിയിച്ചു.