land

കൊല്ലം: നഗരത്തിലെ 123 പട്ടികജാതി കുടുംബങ്ങളുടെ സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം വൈകാതെ സഫലമാകും. ലൈഫ് പദ്ധതിയിൽ നിന്ന് 75 പേർക്കും പട്ടികജാതി വകുപ്പിന്റെ ഫണ്ടിൽ നിന്ന് 48 പേർക്കുമാണ് മൂന്ന് സെന്റ് ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപ വീതം നൽകുന്നത്.

ലൈഫ് പദ്ധതിയുടെ നിലവിലെ പട്ടികയിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇതിനുള്ള നടപടികൾ നഗരസഭയിൽ ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിരവധി കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ പണം അനുവദിച്ചിരുന്നു. പട്ടികയിൽ ബാക്കിയുള്ള ഗുണഭോക്താക്കളുടെ മുൻഗണനാക്രമം അനുസരിച്ചാകും തുക അനുവദിക്കുക.

ഈ വർഷം അർഹതയുള്ളവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടുന്നവർ നേരത്തെ സമർപ്പിച്ച രേഖകൾ ശരിയാണോയെന്ന് വീണ്ടും പരിശോധിച്ച ശേഷമേ ഗുണഭോക്താക്കളെ അന്തിമമായി തിരഞ്ഞെടുക്കു.

 291 പട്ടികജാതി ഭവനരഹിതർ

നിലവിലെ ലൈഫ് ലിസ്റ്റ് പ്രകാരം 291 പട്ടികജാതി കുടുംബങ്ങളാണ് നഗരത്തിൽ ഭവനരഹിതരായുള്ളത്. നേരത്തെ വാർഡ് സഭകൾ ചേർന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്. ലൈഫ് പട്ടിക നിലവിൽ വന്നതിന് ശേഷമാണ് അതിൽ നിന്ന് തിരഞ്ഞെടുത്ത് തുടങ്ങിയത്.

 മാനദണ്ഡങ്ങൾ ഇപ്രകാരം

01. വരുമാന പരിധി 23,801 രൂപ

02. കുടുംബത്തിലെ ആർക്കും സ്വന്തം പേരിൽ ഭൂമി ഉണ്ടാകരുത്

03. വിധവകൾ, വികലാംഗർ, ഗുരുതര രോഗമുള്ളവർ, സ്ത്രീകൾ മാത്രമുള്ള കുടുംബം എന്നിവർക്ക് മുൻഗണന

 പട്ടിക അട്ടിമറിക്കുന്നതായി പരാതി

കഴിഞ്ഞ വർഷങ്ങളിൽ ലൈഫ് പദ്ധതിയിലെ പട്ടികജാതിക്കാരുടെ ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാക്രമം അട്ടിമറിച്ച് ഇഷ്ടക്കാർക്കാണ് ആനുകൂല്യം നൽകിയതെന്ന ആക്ഷേപമുണ്ട്. ഗുണഭോക്തൃ പട്ടികയ്ക്ക് പകരം കൗൺസിലർമാർ നൽകുന്ന ലിസ്റ്റ് പ്രകാരം ഭൂമി വാങ്ങാൻ പണം നൽകിയെന്നാണ് ആരോപണം. ഇത്തവണയും സമാനമായ നീക്കം നടക്കുന്നതായി പരാതിയുണ്ട്.