flag

കൊല്ലം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. 68 പഞ്ചായത്തുകളിൽ 57 ഇടത്തും ഇടതുമുന്നണി അധികാരം നേടി. ജില്ലയിലെ പഞ്ചായത്തുകളിൽ 480 അംഗങ്ങൾ സി.പി.എമ്മിനും 234 അംഗങ്ങൾ സി.പി.ഐയ്‌ക്കുമുണ്ട്. യു.ഡി.എഫ് സംഘടനാ സംവിധാനത്തിന്റെ ദൗർബല്യം പൂർണമായും വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് ഫലമായിരുന്നു അഞ്ചുവർഷം മുമ്പുണ്ടായത്.

സമ്പൂർണ ആധിപത്യത്തിലേക്ക് പോയ എൽ.ഡി.എഫ് അതേ വിജയം ആവർത്തിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. എന്നാൽ പഞ്ചായത്തുകളിൽ ഭരണമുന്നണിക്ക് എതിരെ രൂപം കൊള്ളുന്ന പ്രതിഷേധങ്ങൾക്ക് ഏകോപന രൂപം നൽകി അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കൊപ്പം പഞ്ചായത്തുകളുടെ ഭരണമികവ് കൂടി വ്യക്തമാക്കുന്ന വികസന രേഖ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. കൂടുതൽ ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട് പഞ്ചായത്തുകളിൽ അധികാരം നേടണമെന്ന് മണ്ഡലം കമ്മിറ്റികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഭരണം നേടണമെന്ന് ഉറപ്പിച്ച് ബി.ജെ.പിയും മുന്നാരുക്കങ്ങൾ തുടങ്ങി.

 പന്മനയിൽ യു.ഡി.എഫ് പ്രസിഡന്റ്, ഭൂരിപക്ഷം ഇടതിന്

പന്മന പഞ്ചായത്തിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റ് യു.ഡി.എഫിനാണ്. പ്രസിഡന്റ് പദവി പട്ടികജാതി വനിതാ വിഭാഗത്തിന് സംവരണം ചെയ്‌ത പഞ്ചായത്തിൽ ആ വിഭാഗത്തിൽ നിന്ന് ഒരാളെ വിജയിപ്പിക്കാൻ എൽ.ഡി.എഫിനായില്ല. അതോടെ പന്മന വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച എസ്. ശാലിനി പ്രസിഡന്റായി.

 എൽ.ഡി.എഫ് ഭരിക്കുന്നത്

 ഇളമാട്  വെളിനല്ലൂർ  ഇട്ടിവ  ചടയമംഗലം  കടയ്ക്കൽ  ചിതറ  കുലശേഖരപുരം  തഴവ  ആലപ്പാട്  തൊടിയൂർ  ശാസ്താംകോട്ട  പടിഞ്ഞാറേകല്ലട  ശൂരനാട് തെക്ക്  പോരുവഴി  ശൂരനാട് വടക്ക്  മൈനാഗപ്പള്ളി  ഉമ്മന്നൂർ  മേലില  മൈലം  കുളക്കുട  പവിത്രേശ്വരം  വിളക്കുടി  തലവൂർ  പിറവന്തൂർ  പട്ടാഴി വടക്കേക്കര  പട്ടാഴി  പത്തനാപുരം  കുളത്തൂപ്പുഴ  ഏരൂർ  അലയമൺ  അഞ്ചൽ  ഇടമുളയ്ക്കൽ  കരവാളൂർ  തെന്മല  ആര്യങ്കാവ്  വെളിയം  കരീപ്ര  എഴുകോൺ 

തൃക്കരുവ  പനയം  പെരിനാട്  കിഴക്കേ കല്ലട  മൺറോത്തുരുത്ത്  തെക്കുംഭാഗം  തേവലക്കര  നീണ്ടകര  മയ്യനാട്  ഇളമ്പള്ളൂർ  തൃക്കോവിൽവട്ടം  കൊറ്റങ്കര  നെടുമ്പന  കുമ്മിൾ  പൂതക്കുളം  കല്ലുവാതുക്കൽ  ചാത്തന്നൂർ  ആദിച്ചനല്ലൂർ  ചിറക്കര

 യു.ഡി.എഫ്

 നിലമേൽ  വെട്ടിക്കവല  നെടുവത്തൂർ  കുന്നത്തൂർ  ഓച്ചിറ  ക്ലാപ്പന  ചവറ  പന്മന  പേരയം  കുണ്ടറ  പൂയപ്പള്ളി