ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
ശാസ്താംകോട്ട: കൊല്ലം - പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനയടി കാഞ്ഞിരത്തിൻ കടവിൽ പള്ളിക്കലാറ്റിന് കുറുകേ പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. പള്ളിക്കൽ പഞ്ചായത്തിനെയും ശൂരനാട് വടക്ക് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് പള്ളിക്കലാറ്റിന് കുറുകേ പാലം നിർമ്മിച്ചാൽ ഇരു കരകളിലുമുള്ളവർക്ക് വലിയ ആശ്വാസമാകും. ഈ ഭാഗത്ത് മുപ്പതു മീറ്റർ മാത്രം വീതിയുള്ള പള്ളിക്കലാർ കടക്കാൻ ഇരുകരകളിലുമുള്ളവർ നിലവിൽ മൂന്നു കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. പാലം യാഥാർത്ഥ്യമായാൽ ശാസ്താംകോട്ടയിലെയും അടൂരിലെയും താലൂക്ക് ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും. പള്ളിക്കലാറ്റിന് കുറുകേ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
5 കോടി ബഡ്ജറ്റിൽ
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിനെയും പത്തനംത്തിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പള്ളിക്കലാറ്റിന് കുറുകേ പാലം നിർമ്മിക്കുന്നതിനായി അഞ്ചു കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കടത്തുവള്ളമില്ല
ആനയടി കാഞ്ഞിരത്തിൻ കടവിൽ കടത്തുവള്ളം പോലുമില്ലാത്തതിനാൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഇരുകരകളിലുമുള്ള സ്കൂളുകളിൽ പോകുന്നതിന് വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. കൊവിഡിനെ തുടർന്ന് സ്കൂളുകൾ തുറക്കാത്ത പശ്ചാത്തലത്തിൽ ഒാൺലൈൻ ക്ലാസുള്ളതിനാൽ നിലവിൽ വിദ്യാർത്ഥികൾക്ക് പ്രശ്നമില്ല. എന്നാൽ സ്കൂൾ തുറന്ന് കഴിഞ്ഞാൽ ഇവരെ കാത്തിരിക്കുന്നത് യാത്രാ ദുരിതത്തിന്റെ നാളുകളാണ്.
കാഞ്ഞിരത്തിൻ കടവ് പാലത്തിനായി 2019- 2020 സാമ്പത്തിക വർഷത്തിൽ ബഡ്ജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടി നടന്നുവരുകയാണ്.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
30 മീറ്റർ മാത്രം വീതിയുള്ള പള്ളിക്കലാർ കടക്കാൻ 3 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിൽ യാത്രക്കാർ