കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ ബി.ജെ.പിക്കുള്ളത് 88 ജനപ്രതിനിധികൾ. 68 ഗ്രാമപഞ്ചായത്തുകളിലെ 1,234 വാർഡുകളിൽ 81അംഗങ്ങളും പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുൻസിപ്പാലിറ്റികളിലായി അഞ്ചുപേരും കൊല്ലം കോർപ്പറേഷനിൽ രണ്ടുപേരുമാണ് 2015ൽ തിരഞ്ഞെടുക്കപ്പെട്ടത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ മുൻപും ബി.ജെ.പി ഒറ്റപ്പെട്ട സീറ്റുകളിൽ വിജയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞതവണയാണ് ഇടത്- വലത് മുന്നണികളുടെ കോട്ടകളിൽ താമര വിരിയിച്ചത്. ജില്ലയിൽ കുണ്ടറ നിയോജകമണ്ഡലത്തിലെ ഇളമ്പള്ളൂർ പഞ്ചായത്തിൽ ആറ് സീറ്റുകളിൽ വിജയിച്ച് ബി.ജെ.പി പ്രധാന പ്രതിപക്ഷമായി. തൊട്ടടുത്ത പെരിനാട് പഞ്ചായത്തിലും ബി.ജെ.പിക്ക് മൂന്ന് സീറ്ര് ലഭിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിലെ തഴവയിൽ നാലും ആലപ്പാട് മൂന്നും സീറ്റുകൾ നേടി.
നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ 20 പഞ്ചായത്തുകളിലാണ് ബി.ജെ.പി സുനിശ്ചിത വിജയം ഉറപ്പിക്കുന്നത്.
കഴിഞ്ഞതവണ മികച്ച വിജയം നേടിയ തഴവ, ആലപ്പാട്, പനയം, തൃക്കരുവ, ഇളമ്പള്ളൂർ, പട്ടാഴി, മൈലം, ചടയമംഗലം, ചാത്തന്നൂർ, കല്ലുവാതുക്കൽ, മൺറോത്തുരുത്ത്, പവിത്രേശ്വരം തുടങ്ങിയ പഞ്ചായത്തുകളിൽ ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള പോരാട്ട തന്ത്രവുമായാണ് ബി.ജെ.പി മുന്നേറുന്നത്.
മൂന്ന് ജനപ്രതിനിധികളുള്ള പരവൂർ നഗരസഭയുടെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രം പയറ്റുന്ന ബി.ജെ.പി ഇവിടെ 16 ഇടത്ത് ഉറച്ച വിജയപ്രതീക്ഷയിലാണ്. ഒരുസീറ്റിൽ വിജയിച്ച കൊട്ടാരക്കര, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റികളിലും നിലവിൽ പ്രാതിനിദ്ധ്യമില്ലാത്ത പുനലൂർ നഗരസഭയിലും കൂടുതൽ വാർഡുകളിൽ താമരവിരിയിക്കാനാണ് ബി.ജെ.പിയുടെ നീക്കം. നാളിതുവരെ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിൽ പ്രാതിനിദ്ധ്യമില്ലെങ്കിലും പ്രതിപക്ഷസ്ഥാനത്തെത്താനുള്ള ശ്രമങ്ങളും പാർട്ടിയിൽ ശക്തമാണ്.
ഗ്രാമപഞ്ചായത്ത്: 81
മുനിസിപ്പാലിറ്റി: 5
കോർപ്പറേഷൻ: 2