cpm

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയില്ലെങ്കിൽ അത് മൂന്ന് മുന്നണികൾക്കും അഭിമാന പ്രശ്‌നമായി മാറും. പഞ്ചായത്തുകളിൽ 57 എണ്ണത്തിൽ ഇടതും 11 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു. ബി.ജെ.പിയ്ക്ക് ആകെ 81 തദ്ദേശ ജനപ്രതിനിധികൾ ഉണ്ടെങ്കിലും ഒരിടത്തും ഭരണമില്ല.
ഈ സ്ഥിതിയിൽ നിന്ന് മെച്ചപ്പട്ട വിജയം നേടാനുള്ള പരക്കം പാച്ചിലിലാണ് മുന്നണികൾ.

ഇടതിന് 57 പഞ്ചായത്തുകളിൽ ഒന്ന് കുറഞ്ഞാൽ പോലും അത് വല്ലാത്ത ക്ഷീണമാവും. ഭരണത്തിലുള്ള നഗരസഭകളോ കോർപ്പറേഷനോ പോയാലും പ്രശ്‌നമാവും. സർക്കാരിന്റെയും പ്രാദേശിക നേതാക്കളുടെയും കെൽപില്ലായ്മയായി വ്യാഖ്യാനിക്കപ്പെടും. നിയമസഭയും ഇതുപോലെ മറിയുമെന്ന് പ്രചരിപ്പിക്കപ്പെടും. അത് ഗ്രൂപ്പുകളെയും ഉപഗ്രൂപ്പുകളെയുമൊക്കെ കൂടുതൽ സജീവമാക്കും.
യു.ഡി.എഫിന്റ സ്ഥിതി വേറൊരുതരത്തിലാണ്. നിലവിലുള്ള സ്ഥിതി മെച്ചപ്പടുത്തിയില്ലെങ്കിൽ സർക്കാർ വിരുദ്ധ വികാരമില്ലെന്ന് വ്യാഖ്യാനിക്കപ്പെടും. ഭരണ പരാജയം ജനങ്ങളിലെത്തിക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടെന്ന് വരും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും വിജയത്തിലേയ്‌ക്കെന്ന് പ്രചാരണമുണ്ടാവും. നേതാക്കളെല്ലാം വെട്ടിലാവുകയു ചെയ്യും. പാർലമെന്റ് തിരഞ്ഞെടുപ്പ് പോലെ ഭാഗ്യക്കുറി വീഴില്ലെന്ന് തെളിഞ്ഞാൽ മുന്നണി പ്രതിരോധത്തിലുമാവും.
മറ്റൊരു തരത്തിലാണ് ബി.ജെ.പിയുടെ അവസ്ഥ. രാജ്യം ഭരിക്കുന്ന പാർട്ടിയായിട്ടും ജില്ലയിൽ ഒരു പഞ്ചായത്തുപോലും അവർക്ക് ഭരിക്കാനാവുന്നില്ല. 81 കൗൺസിലർമാരുണ്ടെങ്കിലും അതിന്റെ പൂർണ ഫലം പാർട്ടിക്ക് കിട്ടാനിടയാവുന്നുമില്ല. അതിന് വലിയമാറ്റം കൂടിയേ തീരൂ എന്ന അർത്ഥത്തിലാണ് ബി.ജെ.പിയുടെ തയ്യാറെടുപ്പ്. മൂന്ന് മുന്നണികളും ഈ പ്രതിസന്ധി ഉൾക്കൊള്ളുമ്പോൾ എന്തു വിലകൊടുത്തും ജയിക്കാൻ നോക്കും. കാത്തിരുന്ന് കാണാം പാറുന്ന വിജയക്കൊടികൾ ഏതെന്ന്.