കൊല്ലം: തഴവയിൽ 4 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തഴവ ഗ്രാമ പഞ്ചായത്ത് 13, 14, 15 , 16 വാർഡുകളിലുള്ളവർക്കാണ് രോഗം ബാധിച്ചത്. പതിമൂന്നാം വാർഡിൽ കെ.എസ്.ഇ.ബി എൻജിനിയർക്കും പതിനാലാം വാർഡിൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും പതിനഞ്ചാം വാർഡിൽ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
പതിനാറാം വാർഡിൽ കെ.എസ്.ഇ.ബി ലൈൻമാനും കൊവിഡ് പോസിറ്റീവായി. മണപ്പള്ളി കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരാണ് ഇദ്ദേഹം. സംശയത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലൈൻമാനുമായി സമ്പർക്കമുളള ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയനുസരിച്ച് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരായവരാണ് ഇവരെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ശേഖരിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടികയിലുള്ള നൂറോളം പേരെ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും.
തൊടിയൂരിൽ ഒരാൾക്ക്
തൊടിയൂർ: കൊവിഡ് രൂക്ഷമായ തൊടിയൂരിൽ ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. 43കാരനായ പുരുഷന് സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവർ ആ വിവരം കൃത്യമായി അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരെ അറിയിക്കണം.
പ്രദീപ് വാര്യത്ത്, ഹെൽത്ത് ഇൻസ്പെക്ടർ
കൊവിഡ് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ആരോഗ്യ വകുപ്പും പഞ്ചായത്തും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഡോ. ജാസ്മിൻ റിഷാദ്,
തഴവ കുടുംബാരോഗ്യ കേന്ദ്രം
ചീഫ് മെഡിക്കൽ ഓഫീസർ
വരും ദിവസങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരുടെ സ്രവ പരിശോധന നടത്തും.
ഡോ. ജി. സംഗീത,
സ്വാബ് കളക്ഷൻ സെന്ററിന്റെ
ചുമതലയുള്ള മെഡിക്കൽ ഓഫീസർ