കൊല്ലം: സമുദ്രോത്പന്ന ഭക്ഷ്യ നിർമ്മാണ കമ്പനിയുടെ 50 കോടിയുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക്. തട്ടിപ്പ് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുംകോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു വെളിപ്പെടുത്തി. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന ആധാരം എഴുത്തുകാരനെയും രജിസ്ട്രാറെയും മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അഡാക്ക്,​ രജിസ്റ്റർ ഓഫ് കമ്പനീസ് എന്നിവിടങ്ങളിൽനിന്ന് തട്ടിപ്പിന്റെ തെളിവുകൾ സമാഹരിച്ചതായും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. കണ്ണൂർ പയ്യന്നൂരിലെ റോഷ്നി സീഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയായിരുന്ന രാധാകൃഷ്ണന്റെ ഭാര്യ ബീനയുടെ പരാതിയിലാണ് അന്വേഷണം. കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന തോമസ് ചെറിയാൻ, ഭാര്യ അന്നമ്മ ജോർജെന്ന അനുതോമസ്, മകൾ ട്രീസ എലിസബത്ത്, മരുമകൻ ആൻജോ ജോസ്, ബന്ധു ജോസി തോമസ് എന്നിവരുൾപ്പെടെ എട്ടുപേരാണ് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ‌ ചെയ്ത കേസിലെ പ്രതികൾ. സാമ്പത്തിക ക്രമക്കേടുകളെതുടർന്ന് 1995ൽ തോമസ് ചെറിയാനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. രാധാകൃഷ്ണന്റെയും തൊട്ടുപിന്നാലെ കാൻസർ ബാധിതനായിരുന്ന മകന്റെയും മരണത്തോടെ ബീനയ്ക്ക് കമ്പനി നടത്താൻ കഴിയാതായി. ഈ സമയത്ത് ആശ്വാസ വാക്കുകളുമായെത്തിയ തോമസ് ചെറിയാൻ ബിസിനസിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് മത്സ്യകൃഷിയ്ക്കെന്ന പേരിൽ കമ്പനിക്കുള്ളിൽ കുളം കുഴിച്ചു. ഇതറിഞ്ഞ ബീനാരാധാകൃഷ്ണൻ ഡയറക്ടർ ബോ‌ർഡ് അറിയാതെ കമ്പനിക്കുള്ളിൽ യാതൊന്നും ചെയ്യാൻ പാടില്ലെന്ന് കാട്ടി കത്തയച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന തോമസ് ചെറിയാൻ കാക്കനാട്ടെ രജിസ്റ്റർ ഓഫ് കമ്പനിയിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജ രേഖകൾ തയ്യാറാക്കി അമ്പതുകോടിയുടെസ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റിയെന്നായിരുന്നു ബീനാരാധാകൃഷ്ണന്റെ പരാതി. 2014ൽ കമ്പനിയുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജരേഖ ചമച്ച് സ്വത്തുക്കൾ തട്ടിയെടുത്ത വിവരം വ്യക്തമായത്. തുടർന്ന് രജിസ്റ്റർ ഓഫ് കമ്പനീസ് ഓഫീസിൽ നിന്ന് നൽകിയ ക്രിമിനൽ നടപടി ശുപാർശപ്രകാരം കോട്ടയം ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസെടുത്തത്. രജിസ്റ്റർ ഓഫ് കമ്പനീസ് ഓഫീസിന്റെയും രജിസ്ട്രേഷൻ ജനറലിന്റെയും അന്വേഷണ റിപ്പോർട്ടിൽ നിന്ന് വ്യാജരേഖ ചമയ്ക്കലും കൃത്രിമങ്ങളും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.