കൊല്ലം: മഴ മാനത്തുകണ്ടാൽ കൊട്ടരക്കര ചന്തമുക്കിൽ മുട്ടൊപ്പം വെള്ളം കയറും. പിന്നെ വഴി നടക്കാൻ പെടാപ്പാടുപെടണം. വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും തീർത്തും ദുരിതത്തിലാണ്. രണ്ട് കോടി രൂപ മുടക്കി പട്ടണത്തിൽ ഓട നവീകരണം പൂർത്തിയായതെ ഉള്ളൂ. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. അതോടെ നാട്ടുകാരെല്ലാം പ്രതിഷേധത്തിലാണ്. ഇന്നലെ പെയ്ത മഴയിലും വലിയ തോതിൽ ചന്തമുക്ക് വെള്ളക്കെട്ടിലായി. കഴിഞ്ഞ രണ്ടാഴ്ചയായി മഴ കനത്ത് നിൽക്കുന്നതിനാൽ വെള്ളക്കെട്ട് അധികനേരം ഒഴിയാറില്ല. ഓടയിലേക്ക് വെള്ളം ഇറങ്ങാനായി ചിലയിടങ്ങളിൽ മേൽമൂടികൾ നെറ്റിട്ട് തുറന്നിട്ടുണ്ട്. എന്നാൽ മാലിന്യം ഒഴുകിയെത്തി ഇതിൽ അടയുന്നതിനാൽ വെള്ളം ഓടയിലേക്ക് ഇറങ്ങില്ല. പെരുമഴ പെയ്താൽ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയാണ്. പുലമൺ ജംഗ്ഷനിലും സമാന അനുഭവം ഉണ്ടാവുകയും ഒരു വർഷം മുൻപ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഇവിടുത്തെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചു. ചന്തമുക്കിലെ വെള്ളക്കെട്ട് പഴയതിലും കൂടുകയും ചെയ്തു. അമ്പലത്തുംകാല മുതൽ പുനലൂർ വരെ ദേശീയപാത നവീകരണ ജോലികൾ നടന്നുവരികയാണ്. അതിന്റെ ഭാഗമാക്കി ചന്തമുക്കിൽ റോഡ് ഉയർത്തുകയോ ഓടയിലേക്ക് വെള്ളം ഇറങ്ങിപ്പോകുംവിധം സംവിധാനം ഒരുക്കുകയോ വേണം.
ഈ വെള്ളക്കെട്ട് എന്ന് മാറും?
വർഷങ്ങളായി കൊട്ടാരക്കര പട്ടണത്തിൽ മഴക്കാലത്ത് വെള്ളക്കെട്ടാണ്. റോഡിന്റെയും ഓടയുടെയും നവീകരണത്തിന് കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നുണ്ട്. എന്നിട്ടും ചന്തമുക്കിലെ വെള്ളക്കെട്ടിന് മാത്രം പരിഹാരമാകുന്നില്ല. മഴ പെയ്താൽ റോഡിൽകൂടി നടക്കാൻ കഴിയില്ലെന്ന സ്ഥിതിയുണ്ട്. അടിയന്തിരമായി പരിഹാരം ഉണ്ടായേ തീരു.
പി.നിസാം, ഓട്ടോ ഡ്രൈവർ