പരവൂർ: നിയമലംഘനങ്ങളുടെ പേരിൽ പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ യാത്രക്കാർക്ക് തലവേദനയാകുന്നു. പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് - ചാത്തന്നൂർ റോഡിന്റെ വശങ്ങളിലാണ് കസ്റ്രഡി വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നത്. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോലും റോഡ് കൈയേറിയാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇത് ഗതാഗത തടസവും അപകടസാധ്യതയും സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു.
പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ ദിനംപ്രതി കടന്നുപോകുന്ന റോഡാണിത്. സ്റ്റേഷന് സമീപത്തെ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പലപ്പോഴും കസ്റ്റഡി വാഹനങ്ങൾ കാണാൻ സാധിക്കാറില്ല. ഇതുമൂലം വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കേണ്ടി വരുന്നത് അപകടത്തിന് കാരണമാകാറുണ്ട്. അതേസമയം പൊലീസ് സ്റ്റേഷൻ വളപ്പിൽ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും വാഹനങ്ങൾ റോഡ് കൈയേറി പാർക്ക് ചെയ്യുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.