cow-treatment
രക്താതിസാരം ബാധിച്ച കാലികളെ മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി എമർജൻസി ടീമംഗങ്ങൾ ചികിത്സിക്കുന്നു

കൊല്ലം: നെടുമ്പന മേഖലയിൽ കാലികളിൽ പകർച്ചരോഗം പിടിപെട്ട സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പ്രതിരോധ നടപടികൾ ആരംഭിച്ചു. നെടുമ്പന വയലിക്കട അമൽ ഭവനിൽ വിമലിന്റെ ഫാമിലാണ് ആദ്യമായി രോഗം തിരിച്ചറിഞ്ഞത്.

ചാണകത്തിലൂടെ രക്തം വാർന്ന് അവശനിലയിലായ ഫാമിലെ നാല് കാളക്കുട്ടികളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം ചത്തു. ഗർഭിണികളായ അഞ്ച് പശുക്കൾക്കും രോഗം ബാധിച്ചു. നെടുമ്പന മൃഗാശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും രോഗം പടർന്നുപിടിക്കുകയായിരുന്നു.

തുടർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ രക്തപരിശോധനയിൽ കാലികളിൽ ബാധിച്ചത് രക്താതിസാരമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി എമർജൻസി ടീം സ്ഥലം സന്ദർശിച്ച് കാലികളെ ആന്റിബയോട്ടിക്കുകളും ഡ്രിപ്പുകളും അടങ്ങിയ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കി. സീനിയർ വെറ്ററിനറി സർജൻമാരായേ ഡോ. എസ്. പ്രിയ,​ ഡോ. ആർ. അജി,​ ഡോ. കെ. അനിൽ, ഡോ. ഷാജി റഹ്മാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 രോഗവ്യാപനം തടയുന്നതിനായി പ്രദേശത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള കാലികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് ഇന്ന് ആരംഭിക്കും

ഡോ. ഡി. ഷൈൻകുമാർ,

അസി. ഡയറക്ടർ,

മൃഗസംരക്ഷണ വകുപ്പ്