puli

തൃശൂർ: ഓണനാളുകളിൽ പൂര നഗരിയെ ആവേശത്തിൽ ആറടിക്കുന്ന പുലിക്കളിയും കുമ്മാട്ടിക്കളികളും ഇത്തവണ ശക്തന്റെ തട്ടകത്തിൽ എത്തില്ല. ഓളപരപ്പുകളെ പോലും ആവേശം കൊള്ളിക്കുന്ന ജലോത്സവങ്ങളും ഇത്തവണ ഇല്ല. അരയിൽ അരമണി കെട്ടി കുമ്പ കുലുക്കി അസുര വാദ്യത്തിന്റെ അകമ്പടിയിൽ ചുവടുകൾ വെച്ച് എത്തുന്ന പുലിക്കളിക്ക് മുൻ കാലങ്ങളിൽ പേമാരി ആയിരുന്നു തടസമെങ്കിൽ ഇത്തവണ കൊവിഡാണ് പുലികൾക്ക് കെണി ഒരുക്കിയത്.

കുറഞ്ഞുകുറഞ്ഞ്

തൃശൂർ പൂരം കഴിഞ്ഞാൽ തൃശൂരിന്റെ പെരുമയാണ് പുലിക്കളി. വടക്കുംനാഥ ക്ഷേത്ര മൈതാനിയിലേക്ക് കൂടിച്ചേരുന്ന വഴികളിലൂടെയാണ് പൂര നഗരിയിലേക്ക് പുലികൾ പ്രവേശിക്കുക. നാലോണ നാളിൽ ജില്ലയിലെ ഓണാഘോഷത്തിന്റെ സമാപനം കുറിക്കുന്നതും പുലിക്കളിയാണ്. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ ചിലവഴിച്ചാണ് ഓരോ പുലിക്കളി സംഘങ്ങൾ പതിനായിരങ്ങളെ ആവേശം കൊള്ളിക്കാൻ എത്താറുള്ളത്. പുലിക്കൂട്ടങ്ങളെ കാണാൻ വിദേശികളടക്കം പതിനായിരങ്ങളാണ് പൂരനഗരിയിൽ എത്താറുള്ളത്. ആദ്യ കാലങ്ങളിൽ 10 മുതൽ പന്ത്രണ്ട് സംഘങ്ങൾ വരെ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ എന്താനും വർഷങ്ങളായി അഞ്ചും ആറും സംഘങ്ങൾ മാത്രമാണ് എത്തുന്നത്. കോർപ്പറേഷനും ടൂറിസം വകുപ്പും സഹായങ്ങൾ നൽകാറുണ്ടെങ്കിലും അതെല്ലാം ലഭിക്കുന്നത് മാസങ്ങൾക്ക് ശേഷം മാത്രമാണ്. കൊവിഡായതിനാൽ ഇത്തവണ എവിടെയും പുലികളുടെ കാലൊച്ചയില്ല. പുലികളുടെ രാജാവായ ചാത്തുണി പുലിയുടെ വിയോഗവും പുലിക്കളി സംഘങ്ങളെ തളർത്തിയിരിക്കുകയാണ്.

ഊരുചുറ്റാൻ കുമ്മാട്ടികളും ഇല്ല

ഓണ നാളുകളിൽ പാർപ്പിടക പുല്ലും വാഴ ചാമ്പലയും ദേഹത്തു ചുറ്റി കൈയിൽ കുറു വടികളുമായി എത്തുന്ന ശിവന്റെ ഭൂത ഗണങ്ങൾ ആയ കുമ്മാട്ടികളും ഇത്തവണ നാട്ടിലിറങ്ങിയിട്ടില്ല. കുമ്മാട്ടിക്കളിക്ക് പേര് കേട്ട കിഴക്കും പാട്ടുകരയിൽ ഇത്തവണ ചടങ്ങ് മാത്രമായി നടത്തും. കഴിഞ്ഞ 80 വർഷമായി വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടിക്ക് തുടക്കം കുറിക്കുന്ന പനമുക്കുമ്പിള്ളി ക്ഷേത്രത്തിൽ മൂന്നോണ നാളിൽ ഒരു കുമ്മാട്ടി വേഷം കെട്ടി ക്ഷേത്രം വലം വെച്ച് തേങ്ങ ഉടക്കും. ചെണ്ടയും ഇല താളവും ചടങ്ങിന് ഉണ്ടാകും. നൂറ്റാണ്ടുകൾ പഴക്കം ഉള്ളതാണ് കിഴക്കും പാട്ടുകരയിലെ വടക്കുംമുറി, തെക്കുംമുറി വിഭാഗങ്ങളുടെ കുമ്മാട്ടിക്കളി.

കൊവിഡ് മഹാമാരിക്കിടയിൽ ജനം ഭീതിയുടെ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടു മൂന്നോണ നാളിൽ വെറും പത്തു മിനിറ്റ് നീണ്ടു നിൽക്കുന്ന ചടങ്ങ് മാത്രമേ ഉള്ളൂ. ഉച്ചക്ക് ഒരു മണിക്ക് ക്ഷേത്രത്തിൽ വെച്ചാണ് ചടങ്ങ്.

സുരേന്ദ്രൻ ഐനിക്കുന്നത്

വടക്കുംമുറി കുമ്മാട്ടി കളി സംഘ പ്രസിഡന്റ്