dam

തൃശൂർ: കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന്റെ നാല് ചെറുകിട ജലവൈദ്യുതി പദ്ധതികളും കോട്ടപ്പുറം 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണവും തടസ്സപ്പെടുത്തി വീണ്ടും വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. കമ്മീഷന്റെ അനുമതി ഇല്ലാതെ ഈ ആവശ്യങ്ങൾക്ക് യാതൊരു തുകയും ചെലവഴിക്കരുതെന്നും ഉത്തരവ്. വൈദ്യുതി വിഭാഗത്തിന്റെ നഷ്ടക്കണക്കും കമ്മീഷൻ തള്ളി.

പദ്ധതി അനാവശ്യമെന്ന് കണ്ടെത്തൽ

കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് 2019 ൽ വന്ന കമ്മീഷൻ ഉത്തരവ് അവസാന അജണ്ട വിഷയമായി അവതരിപ്പിച്ചത്. 360 കോടി ചെലവ് വരുന്ന 4 ചെറുകിട ജലവൈദ്യുത പദ്ധതി നിർദ്ദേശങ്ങളും ഭൂമി വില ഉൾപ്പെടെ 60 കോടി രൂപ ചെലവ് വരുന്ന 110 കെവി സബ്‌സ്റ്റേഷനും അനാവശ്യ പാഴ്‌ച്ചെലവ് ആണെന്ന ആരോപണം ഉയർന്നിരുന്നു. 65ൽ 36 മെഗാവാട്ട് ശേഷി മാത്രം ഉപയോഗിക്കുന്ന വൈദ്യുതി വിഭാഗത്തിൽ രണ്ടാമതൊരു 110 കെ.വി സബ്‌സ്റ്റേഷൻ അനാവശ്യമെന്ന് കമ്മീഷൻ നിയോഗിച്ച കെ.എസ്.ഇ.ബി വിദഗ്ധസമിതി റിപ്പോർട്ട് ചൂണ്ടികാട്ടി. 2018 ൽ തന്നെ കമ്മീഷൻ ഉത്തരവിറക്കിയതാണെങ്കിലും പദ്ധതികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി മുൻ കൗൺസിലർ അഡ്വ സ്മിനി ഷീജോയുടെ പരാതിയിലാണ് കമ്മീഷൻ വീണ്ടും ഉത്തരവിറക്കിയത്.

12 മെഗാ വാട്ട് ഡിമാൻഡ് ഉള്ള പടിഞ്ഞാറൻ മേഖലയിൽ രണ്ടുവർഷം കൊണ്ട് 27 മെഗാവാട്ട് ആകുമെന്നും സബ്‌സ്റ്റേഷൻ അനിവാര്യമാണെന്നുമുള്ള വൈദ്യുതി വിഭാഗത്തിന്റെ വാദം തെറ്റെന്ന് വിദഗ്ധസമിതി ചൂണ്ടികാട്ടി. 9 മെഗാവാട്ട് മാത്രമാണിപ്പോൾ ഡിമാൻഡ്. കോട്ടപ്പുറം സബ്‌സ്റ്റേഷന് പുറമെ നിലവിലുള്ള 66 കെ.വി സബ് സ്റ്റേഷൻ കൂടി വികസിപ്പിച്ച് മൂന്നാമതൊരു 10 കെ.വി സബ് സ്റ്റേഷനുള്ള നടപടികളിലായിരുന്നു കോർപറേഷൻ. വനാന്തരങ്ങളിലെ ചെറുകിട ജലവൈദ്യുതി പദ്ധതികൾ സാമ്പത്തികമായും പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചായിരുന്നു കമ്മീഷന്റെ വിലക്ക്. വയബിലിറ്റി, യൂണിറ്റ് ഉൽപ്പാദന ചെലവ് എന്നിവ വ്യക്തമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചു കമ്മീഷൻ തീരുമാനം അറിയുന്നവരെ പദ്ധതിക്കായി യാതൊരു തുകയും ചിലവഴിക്കരുതെന്ന് കൗൺസിൽ വെച്ച കമ്മീഷൻ ഉത്തരവിലുണ്ട്. ഈ ഉത്തരവ് നിലനിൽക്കെ രണ്ടുമാസം മുമ്പ് അതിരപ്പിള്ളിയിലെ ആവേർകുട്ടി പദ്ധതിയുടെ നടപടികളുമായി മുന്നോട്ടു പോകാൻ കൗൺസിൽ അജണ്ട വച്ച് തീരുമാനിച്ചിരുന്നു.