mahathma-cultural-center
കൊവിഡ് ബോധവത്കരണ വഞ്ചി യാത്ര

ചാവക്കാട്: മഹാത്മ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് മാവേലിയെ അണിനിരത്തി കൊവിഡ് ബോധവത്കരണ വഞ്ചിയാത്ര സംഘടിപ്പിച്ചു. കനോലി കനാലിൽ ചാവക്കാട് വഞ്ചിക്കടവിൽ നിന്നും ആരംഭിച്ച് പുതിയറ വരെ നടത്തിയ ജലയാത്ര മഹാത്മ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് കെ.എച്ച്. ഷാഹുൽ ഹമീദിന് പതാക കൈമാറി ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇരുകരയിലും നിന്നിരുന്ന ആളുകൾക്ക് കൊവിഡ് ബോധവത്കരണ സന്ദേശം നൽകിയും മാസ്‌കുകൾ വിതരണം ചെയ്തുമാണ് യാത്ര കടന്നുപോയത്. വഞ്ചിയിൽ സ്ഥാപിച്ചിരുന്ന കൊവിഡിനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന മാവേലിയുടെ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. ചാവക്കാട് വഞ്ചിക്കടവിൽ നടന്ന ഉദ്ഘാടന യോഗത്തിൽ മഹാത്മ പ്രസിഡന്റ് സി. പക്കർ അദ്ധ്യക്ഷനായി.

ചാവക്കാട് നഗരസഭാ കൗൺസിലർ ഷാഹിത മുഹമ്മദ്, കെ. നവാസ്, കെ.വി. ഷാനവാസ്, എം.എസ്. ശിവദാസ്, നവാസ് തെക്കുംപുറം, കെ.വി. അമീർ, കെ.പി. അഷറഫ്, എ.എം. ഷെഹീർ എന്നിവർ സംസാരിച്ചു.