അന്തിക്കാട്: പാടശേഖര സമിതിയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ തിരുവോണ ദിനത്തിൽ പ്രതിഷേധവുമായി അന്തിക്കാട്ടിലെ നെൽക്കർഷകർ. പാടശേഖര കമ്മിറ്റിയിൽ രണ്ട് വർഷമായി തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നും കഴിഞ്ഞ വർഷങ്ങളിൽ ഏഴ് കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും കർഷകർ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഈ ഭരണ സമതിയെ തന്നെ വീണ്ടും അധികാരം ഏൽപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമമെന്നും കർഷകർ പറയുന്നു. ഇക്കാര്യങ്ങളിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം നെൽക്കർഷകർ തിരുവോണ ദിനത്തിൽ പാടശേഖരത്തിൽ പ്രതിഷേധ സമരം നടത്തിയത്. മുതിർന്ന കർഷകരായ കെ.വി കുട്ടൻ, എം.ആർ രാജൻ, രാമദാസ് പാടൂർ, സൗത്ത് മണലൂർ പാടശേഖര കമ്മിറ്റി ഭാരവാഹികളായ കെ.വി ശൈലേന്ദ്രനാഥ്, സി.വി രാജേഷ്, പി.ജെ രാഗേഷ് എന്നിവർ നേതൃത്വം നൽകി.