പുതുക്കാട്: പാലിയേക്കര ടോളിൽ ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും ഒരു യാത്രയ്ക്ക് അഞ്ച് രുപ വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കർ മൗനം പാലിക്കുന്നത് കരാർ കമ്പനിയെ സഹായിക്കാനാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ഭരണ കക്ഷിയായ സി.പി.ഐയുടെ യുവജന സംഘടന ഇതേ ആവശ്യത്തിനായി സമരം ചെയ്‌തെങ്കിലും ആത്മാർത്ഥതയോടെയാണെങ്കിൽ സർക്കാരിനെകൊണ്ട് നടപടി എടുപ്പിക്കണമായിരുന്നു.
കരാർ പ്രകാരം ചെയ്തു തീർക്കേണ്ട പ്രവൃത്തികൾ ചെയ്യാത്തതിന്റെ പേരിലും പണി പൂർത്തീകരിക്കാതെ ടോൾ പിരിക്കുന്നതിന് അനധികൃതമായി അനുമതി സമ്പാദിച്ചതിലും വച്ച് 102.44 കോടിരൂപയുടെ അഴിമതി ഉണ്ടെന്ന് കാണിച്ച് ടോൾ കമ്പനിക്ക് എതിരെ സി.ബി.ഐ കേസ് എടുത്തിരിക്കുന്ന സാഹചര്യത്തിൽ നിരക്ക് വർദ്ധനവ് തടയണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രവീന്ദ്രനാഥിനും കത്ത് അയച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത് കരാർ കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനും തുല്യമാണ്.
ജനകീയ പ്രശ്‌നമായ നിരക്ക് വർദ്ധനവ് നിറുത്തിവയ്ക്കാൻ വേണ്ട നടപടി മന്ത്രി ജി. സുധാകരൻ സ്വീകരിക്കാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രവീന്ദ്രനാഥ് ആവശ്യപ്പെടണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.