പാവറട്ടി : തിരുവോണനാളിലെ വിവാഹദിനത്തിൽ പൾസ് ഓക്‌സിമീറ്റർ നൽകി ദമ്പതികൾ മാതൃകയായി. വെങ്കിടങ്ങ് ഇട്ടികുന്നത്ത് റഷീദിന്റെ മകൻ ഡോ. റിനാസിന്റെയും ഒരുമനയൂർ പുതിയ വീട്ടിൽ കാരയിൽ നസീറിന്റെ മകൾ ഖദീജയുടെയും വിവാഹമാണ് തിരവോണ നാളിൽ നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ വിവാഹച്ചടങ്ങിലാണ് രക്തത്തിലെ ഓക്‌സിജന്റെ അളവും പൾസ് റേറ്റും രേഖപ്പെടുത്തുന്ന
ഓക്‌സിമീറ്റർ നൽകിയത്.

കൊവിഡ് 19 ചികിത്സ വീടുകളിൽ നടത്തണമെന്ന സർക്കാർ മാനദണ്ഡത്തിനു വിധേയമായി ഇത്തരം രോഗികളുള്ള വീടുകളിൽ ഈ ഉപകരണം നിർബന്ധമാക്കിയതാണ് ദമ്പതികൾക്ക് പ്രേരകമായത്.1000 രൂപ വിലവരുന്ന 25 ഉപകരണങ്ങളാണ് വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്. മെഡിക്കൽ ഓഫീസർ ഡോ. സെബിൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മഹേഷ് എന്നിവർ ചേർന്ന് ഓക്‌സിമീറ്റർ ഏറ്റുവാങ്ങി. ഗുരുതര രോഗങ്ങൾ ഉള്ളവർക്കുള്ള ചികത്സാ സഹായവും ചടങ്ങിൽ കൈമാറി.