പുതുക്കാട്: മണ്ണുത്തി - അങ്കമാലി ദേശീയ പാതയിലെ ടോൾ കരാർ റദ്ദാക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനീഷ്. ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹമാണ്. ദേശീയ പാതയിലെ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും പൂർത്തിയാക്കാൻ തയ്യാറായിട്ടില്ല. ദേശീയപാത അപകടക്കെണിയാകുന്ന സാഹചര്യം നിലവിലുണ്ട്. ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും കൂട്ടുനിൽക്കുകയാണ്.
അഴിമതിക്കേസ് നേരിടുന്ന കമ്പനിയെ ടോൾ പിരിവിൽ നിന്ന് മാറ്റിനിറുത്തി അന്വേഷണം തീരുന്നതു വരെ ടോൾ പിരിവ് നിറുത്തിവച്ച് ദേശീയപാത സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്ക് സൗജന്യമായി സഞ്ചരിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കി കൊടുക്കണമെന്നും പ്രതിഷേക്കാർ ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം കെ.പി. അജിത്ത്, മണ്ഡലം ജോയിന്റ് സെക്രട്ടറി വി.ആർ. രബീഷ് എന്നിവർ സംസാരിച്ചു. സെന്നീസ് ഡി. പുളിക്കൻ, എം.പി. സന്ദീപ്, പി.യു. ഹരികൃഷ്ണൻ, നവീൻ തേമാത്ത്, പി.ആർ. കണ്ണൻ, എം.ആർ. രതീഷ് എന്നിവർ നേതൃത്വം നൽകി.