ചേർപ്പ്: നേപ്പാളി കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ഊരകം അയിച്ചിയിൽ രാധാകൃഷ്ണനും കുടുംബവും. വർഷങ്ങളായി ഊരകത്ത് താമസമാക്കിയ ഹോട്ടൽ പാചകക്കാരനായ സാഗറും കുടുംബവുമാണ് തിരുവോണ നാളിൽ മലയാളി കുടുംബമായ രാധാകൃഷ്ണന്റെ വീട്ടിൽ ഓണം ആഘോഷമാക്കിയത്. സാഗറും ഭാര്യ ശർമിളയും മക്കളായ ഫിറോദ്, ബിൻ സാ, സേവാങ്ങ് എന്നിവരും ഓണസദ്യ കഴിച്ചും ഒരുക്കങ്ങളിൽ പങ്കാളിയായും വീട്ടുകാരോടൊപ്പം പങ്കെടുത്തു.
കേരളീയ വസ്ത്രം അണിഞ്ഞ് നേപ്പാളി കുടുംബം രാധാകൃഷ്ണന്റെ കുടുംബാംഗങ്ങൾക്കൊപ്പം ക്ഷേത്ര ദർശനവും നടത്തിയിരുന്നു. മുൻപ് അതിഥി കാഴ്ചക്കാരായി മാറിയിരുന്ന ഈ നേപ്പാളി കുടുംബം ഇക്കുറി ഓണ നാളുകളിൽ ആതിഥേയരായി മാറുകയായിരുന്നു. ഊരകത്തമ്മ തിരുവടി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കൂടിയാണ് നേപ്പാളി കുടുംബത്തിന് ഓണവിരുന്നൊരുക്കിയ വീട്ടുടമ അയിച്ചിയിൽ രാധാകൃഷ്ണൻ.