പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ ചൊവ്വാഴ്ച ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാവറട്ടി പഞ്ചായത്ത് ഏഴാം വാർഡിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ കുടുംബാംഗവും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതുമായ 25 വയസുകാരൻ, 20 വയസുള്ള സ്ത്രീ, മൂന്നുമാസം പ്രായമുള്ള ആൺകുട്ടി എന്നിവർക്കും 13-ാം വാർഡിലെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ കുടുംബാംഗങ്ങളായ 86കാരനായ വൃദ്ധനും 11 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മുല്ലശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഏഴാം വാർഡ് ഊരകം സ്വദേശികളുടെ കുടുംബാംഗങ്ങളായ രണ്ട് പേർക്കും (സത്രീ 41 വയസ്സ്, ആൺകുട്ടി (6 വയസ്സ്), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട നാലാം വാർഡ് പേനകം സ്വദേശിയായ സ്ത്രീക്കും (52 വയസ്) രോഗം സ്ഥിരീകരിച്ചതായി മുല്ലശ്ശേരി സി.എച്ച്.സി അറിയിച്ചു.

തിങ്കളാഴ്ച തിരുവോണ നാളിൽ പാവറട്ടി പഞ്ചായത്തിൽ രണ്ടു പേർക്കും മുല്ലശ്ശേരി പഞ്ചായത്തിൽ രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും സി.എച്ച്.സി അറിയിച്ചു.