ചാലക്കുടി: കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നിന് പങ്കുചേർന്ന ഡി.വൈ.എഫ്.ഐ നേതാക്കളുടെ പ്രവർത്തനം മാതൃകയായി. അലവി സെന്ററിലെ മടപ്പിള്ളി അബൂബക്കറിന്റെ സംസ്‌കാരച്ചടങ്ങിലായിരുന്നു മനുഷ്യ സ്‌നേഹത്തിന്റെ വറ്റാത്ത ഉറവ പ്രകടമായത്. തിരുവോണം ആയതിനാൽ ആരോഗ്യ വകുപ്പിൽ വേണ്ടത്ര ജീവനക്കാരില്ലായിരുന്നു. മൃതദേഹം ഏറ്റെടുത്ത് സംസ്‌കാരത്തിന് കൊണ്ടു പോകുന്നതിന് പി.പി.ഇ കിറ്റ് ധരിച്ച നാലാളുകളായിരുന്നു ആവശ്യം.
അബൂബക്കറിന്റെ ബന്ധുക്കളായ രണ്ടുപേരാണ് ഈ സമയം ഉണ്ടായിരുന്നത്. മറ്റു രണ്ടുപേരുടെ സേവനം ലഭ്യമാക്കണമെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതിനായി ആളുകളെ കണ്ടെത്താൻ ശ്രമം നടക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാക്കൾ സ്വമേധയാ രംഗത്തെത്തുകയായിരുന്നു. ബ്ലോക്ക് സെക്രട്ടറി ജിൽ അന്റണി, ട്രഷറർ നിധിൻ പുല്ലൻ എന്നിവരുടെ താത്പര്യം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അംഗീകരിച്ചു.
ആശുപത്രി മുതൽ ആര്യങ്കാല ജുമാ മസ്ജിദ് പള്ളി കബർസ്ഥാൻ വരെ വാഹനത്തിൽ മൃതദേഹത്തോടൊപ്പം ഇവർ സഞ്ചരിച്ചു. മുസ്‌ലിയാർമാരുടെ കാർമ്മികത്വത്തിൽ നടന്ന പ്രാർത്ഥനകൾക്ക് ശേഷം അടക്കം ചെയ്തതും ബന്ധുക്കളോടൊപ്പം ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്നു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദൻ എന്നിവരും ചടങ്ങിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു.